മാടമ്പിമാരെ നിയന്ത്രിച്ചില്ലെങ്കില്‍ തോല്‍പിക്കും: കോണ്‍ഗ്രസ് നേതാക്കള്‍ക്ക്ഭീ ഷണിയുമായി കത്തോലിക്കാസഭയുടെ മുഖപത്രം

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: കോണ്‍ഗ്രസ് നേതാക്കളായ മന്ത്രി സി എന്‍ ബാലകൃഷ്ണനും തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ രൂപതയുടെ മുഖപത്രമായ കത്തോലിക്കാസഭ. അടുത്ത ദിവസം ഇറങ്ങുന്ന ഡിസംബര്‍ ലക്കം ഒന്നാംപേജില്‍ 'വിനാശ കാലേ വിപരീത ബുദ്ധി' എന്ന മുഖലേഖനത്തിലാണ് വിമര്‍ശനം. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത് കോണ്‍ഗ്രസ്-വര്‍ഗീയ പ്രസ്ഥാനങ്ങളുടെ ഗ്രാന്‍ഡ് അലയന്‍സാണെന്നു പറയുന്ന ലേഖനം ഇതിനു ചുക്കാന്‍ പിടിച്ചത് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളാണെന്നു കുറ്റപ്പെടുത്തുന്നു.
ചിലയിടത്ത് എല്‍ഡിഎഫുമായി കൂട്ടുകെട്ടുണ്ടാക്കി. ഗ്രാന്‍ഡ് അലയന്‍സുണ്ടാക്കിയത് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പും തൃശൂര്‍ മണ്ഡലം സീറ്റും മുന്നില്‍കണ്ടാണ്. ഇതിനായി ജയസാധ്യതയുള്ള ക്രൈസ്തവ നേതാക്കളെ പലരെയും വെട്ടി. ക്രൈസ്തവരുടെ വിലപേശല്‍ ശക്തി തകര്‍ക്കുകയായിരുന്നു ലക്ഷ്യം. സീറ്റ് നിഷേധിച്ചും സീറ്റു കിട്ടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വോട്ടു മറിച്ചും മഹാസഖ്യം അരങ്ങു തകര്‍ത്തപ്പോള്‍ സംസ്ഥാന നേതൃത്വം കണ്ണടച്ചു. ബിജെപിക്ക് 2010ല്‍ രണ്ടു സീറ്റുണ്ടായിരുന്നത് ഇത്തവണ ആറായി. എല്‍ഡിഎഫിന് ഏഴു സീറ്റുണ്ടായിരുന്നത് 25 ആയി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാമെങ്കില്‍ കോര്‍പറേഷനിലെ പരമാവധി സീറ്റുകളില്‍ വോട്ടു മറിക്കാമെന്നായിരുന്നു വര്‍ഗീയ ശക്തികളുമായുണ്ടാക്കിയ സഖ്യത്തിന്റെ അടിസ്ഥാനം. അതിനായി കഴിവും ഭരണപരിചയവുമുള്ള ക്രൈസ്തവ നേതാക്കളെ വെട്ടിനിരത്തണം. കഴിഞ്ഞ കോര്‍പറേഷനില്‍ ജയിച്ച 45 യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ 28 പേര്‍ ക്രൈസ്തവരായിരുന്നു. അവരില്‍ നിന്നാണ് രണ്ടു മേയര്‍മാരുണ്ടായതും. ഇത് പലരുടെയും ഉറക്കം കെടുത്തുന്നതായിരുന്നു.
ക്രൈസ്തവ നേതാക്കള്‍ക്ക് സീറ്റ് കൊടുക്കാതിരിക്കാനായിരുന്നു ആദ്യശ്രമം. സീറ്റ് നിഷേധത്തോടൊപ്പം സീറ്റ് നല്‍കിയ ക്രൈസ്തവരെ ഒതുക്കി. ജയസാധ്യത കുറഞ്ഞ ഡിവിഷനുകളില്‍ ചിലര്‍ക്ക് സീറ്റ് നല്‍കുകയായിരുന്നു ഇതിനെടുത്ത തന്ത്രം. ക്രൈസ്തവര്‍ക്ക് പ്രാതിനിധ്യം കുറഞ്ഞുവെന്ന പരാതി ഉയരാതിരിക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു ഇത്.
കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്താനും പരമ്പരാഗതമായി ജനാധിപത്യ ചേരിയില്‍ നിലയുറപ്പിച്ചിട്ടുള്ള ക്രൈസ്തവരെ ചവിട്ടിയൊതുക്കാനും കരുനീക്കം നടത്തുന്ന തൃശൂരിലെ ചില മാടമ്പിമാരെ നിയന്ത്രിക്കാന്‍ നേതൃത്വം ഇടപെടുന്നില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ പുതിയ പാഠങ്ങള്‍ അവര്‍ പടിക്കേണ്ടിവരുമെന്ന് ക്രൈസ്തവ സമുദായ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നതായും രൂപതയുടെ പത്രം പറയുന്നു.
ബിജെപിയോടും സംഘപരിവാരങ്ങളോടുമുള്ള സംസ്ഥാന ജില്ലാ കോണ്‍ഗ്രസ്സിലെ ചിലരുടെ മൃദുസമീപനം പുതിയ കാര്യമൊന്നുമല്ല. എന്നാല്‍, ക്രൈസ്തവരെ നിര്‍വീര്യമാക്കാനും വോട്ടിനുമുള്ള കറവപശുക്കള്‍ മാത്രമായി തൊഴുത്തില്‍ കെട്ടാനുമാണ് ഇനിയും ഭാവമെങ്കില്‍ അതിനുള്ള മരുന്ന് തങ്ങളുടെ കൈവശമുണ്ടെന്നു പറയുന്ന കത്തോലിക്കാസഭ ഇടതുപക്ഷത്തോട് തൊട്ടുകൂടായ്മയില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു.
Next Story

RELATED STORIES

Share it