kasaragod local

മാടക്കാല്‍ തൂക്കുപാലം തകര്‍ന്നിട്ട് അഞ്ച് വര്‍ഷം: ദുരന്തങ്ങള്‍ക്ക് കാതോര്‍ത്ത് നാട്ടുകാര്‍

തൃക്കരിപ്പൂര്‍: നാലുകോടിയോളം ചെലവഴിച്ച് നിര്‍മിച്ച വലിയപറമ്പ പഞ്ചായത്തിലെ മാടക്കാല്‍ തൂക്കുപാലം തകര്‍ന്നു വീണിട്ട് അഞ്ച് വര്‍ഷം. 2013 ഏപ്രില്‍ 29ന് തുറന്നു കൊടുത്ത പാലം ആ വര്‍ഷം ജൂണ്‍ 27ന് തകര്‍ന്ന് കവ്വായിക്കായലില്‍ പതിക്കുകയായിരുന്നു. ഇന്നലത്തെ തോണിയപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് പാലത്തിനുള്ള ആവശ്യം ശക്തമാവുന്നു.
പാലം വീണപ്പോള്‍, നിര്‍മാതാക്കളായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജീനിയറിങ് കമ്പനി ലിമിറ്റഡ് (കെല്‍) ജില്ലാ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മാടക്കാല്‍ കടവില്‍ സൗജന്യ തോണിയാത്ര ഏര്‍പ്പെടുത്തി. രണ്ടുമാസം കഴിഞ്ഞപ്പോള്‍ സൗജന്യയാത്ര അവസാനിച്ചു. പണം കൊടുക്കാന്‍ ആളില്ലാതായതോടെ അക്കരെയിക്കരെ കടക്കാന്‍ ദ്വീപുവാസികള്‍ പത്തുരൂപവീതം കടത്തുകൂലി കൊടുക്കുന്നു.
അതിനിടെ ആക്ഷന്‍ കമ്മറ്റികള്‍ ഉണ്ടായി. ജനരോഷം പിടിച്ചു നിര്‍ത്തുക എന്നതിലുപരി മറ്റൊരു ദൗത്യവും കമ്മിറ്റിക്ക് ഇല്ലാതെ പോയി. പിന്നീട് ദ്വീപുവാസികള്‍ ഒന്നടങ്കം വില്ലേജ് ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു കഞ്ഞിവച്ചു. പിന്നീട്  പ്രദേശവാസികള്‍ പെരുവഴിയിലായി. അതിനിടെ പഞ്ചായത്ത് ഭരണസമിതി കെല്ലിന്റെ ആസ്ഥാനത്ത് ചെന്ന് ധര്‍ണ നടത്തി. പിന്നീടൊന്നും ഉണ്ടായില്ല.
വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം എല്‍ബിഎസ് സെന്റര്‍ വിശദ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പിച്ചു. പുതിയ തൂക്കുപാലം ആറുമാസത്തിനകം പണിയാമെന്ന് അധികൃതര്‍ സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായി. എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. കൃത്യവിലോപം കാണിച്ച് 3,54,7,632 രൂപ സര്‍ക്കാറിന് നഷ്ടം വരുത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. മാടക്കാല്‍ തൂക്കുപാലം തകര്‍ച്ചയെ തുടര്‍ന്ന് നിര്‍ദ്ദിഷ്ട തെക്കെകാട് പടന്ന കടപ്പുറം തൂക്കുപാലത്തിന്റെ നിര്‍മാണം നിര്‍ത്തിവെക്കുകയായിരുന്നു. വിജിലന്‍സ് സിഐ പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
കോഴിക്കോട് എന്‍ക്വയറി കമ്മീഷന്‍ ആന്റ്് സ്‌പെഷ്യല്‍ കോടതിയില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. ഔദ്യോഗിക കൈമാറ്റത്തിനും അവസാന ബില്ല് മാറുന്നതിനും മുമ്പായിരുന്നു പാലത്തിന്റെ പതനം. റവന്യൂ ദുരന്ത നിവാരണ വകുപ്പിന് കീഴിലായിരുന്നു നിര്‍മാണം. 3.93 കോടി രൂപയാണ് മാടക്കാല്‍ പാലത്തിന്റെ എസ്റ്റിമേറ്റ് തുക. സംസ്ഥാനത്ത് ബോട്ടപകടങ്ങളില്‍ പെട്ട് ഒട്ടേറെ സ്‌കൂള്‍ കുട്ടികള്‍ മരിക്കാനിടയായതിനെ തുടര്‍ന്നു സ്‌കൂള്‍ കുട്ടികള്‍ കൂടുതല്‍ ആശ്രയിക്കുന്ന കടവുകളില്‍ തൂക്കുപാലം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിനാലാണ് ഇവിടെ തൂക്കുപാലം സ്ഥാപിച്ചത്.
ഒന്നര മീറ്റര്‍ വീതിയില്‍ 310 മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പാലം പണിതത്. വലിയപറമ്പ പഞ്ചായത്തിലെ തൃക്കരിപ്പൂര്‍ കടപ്പുറം, കന്നുവീട് കടപ്പുറം, ഉദിനൂര്‍ കടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഒരു പ്രാധാന ഭാഗമായി പാലം മാറി. തെക്ക് ഭാഗം എഴിമല നാവിക അക്കാദമി അടക്കമുള്ള പ്രദേശവും വടക്ക് കവ്വായിക്കായലിന്റെ കമനീയ വശ്യതയും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങളായിരുന്നു.
രൂപരേഖയില്‍ നിന്ന് ഒട്ടനവധി മാറ്റങ്ങളോടെയായിരുന്നു നിര്‍മാണം. തൂക്കുപാലം തകര്‍ന്നു വീണതിന് പകരമായി നടപ്പാലം നിര്‍മിക്കുന്നതിന് കെല്‍ അധികൃതര്‍ സന്നദ്ധത അറിയിച്ച് ജില്ലാ കലക്ടര്‍ക്ക് രൂപരേഖ കൈമാറിയിരുന്നു. 2015 മെയ് പത്തിന് നല്‍കിയ രൂപരേഖ സംബന്ധിച്ച് പിന്നീട് തീരുമാനമൊന്നും ഉണ്ടായില്ല
Next Story

RELATED STORIES

Share it