മാഞ്ഞാലി: വര്‍ഗീയ മതില്‍ പൊളിക്കാന്‍ സമരം പ്രഖ്യാപിച്ച് പ്രദേശവാസികള്‍

കൊച്ചി: മാഞ്ഞാലി കുന്നുപുറം റവന്യൂ ഭൂമിയില്‍ വര്‍ഗീയ മതില്‍ കെട്ടിയ ക്രിസ്ത്യന്‍ പള്ളി ഭരണസമിതിക്കെതിരേ സമരവുമായി പ്രദേശവാസികള്‍. വഴിമുട്ടിയ ദരിദ്ര കുടുംബങ്ങളെ പ്രതിനിധീകരിച്ച് ജമീല അബ്ദുല്‍ കരിം എന്ന വീട്ടമ്മ ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാരസമരമാരംഭിക്കും. മനുഷ്യാവകാശപ്രവര്‍ത്തകന്‍ അഡ്വ. പി എ പൗരന്‍ രാവിലെ 10ന് സമരം ഉദ്ഘാടനം ചെയ്യും.
മാഞ്ഞാലി കുന്നുംപുറം വ്യാകുമലമാതാ പള്ളിക്കു മുന്നില്‍ തലമുറകളായി തദ്ദേശവാസികള്‍ ഉപയോഗിക്കുന്ന പൊതുവഴി പള്ളിവികാരി ഫാ. കോളിന്‍സ് ഇലഞ്ഞിക്കലിന്റെ നേതൃത്വത്തിലാണ് അടച്ചുകെട്ടിയത്. 600 ദിവസമായി ഇതിനെതിരേ നിരവധി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായിട്ടും പഞ്ചായത്ത് അനുമതിയില്ലാതെ കെട്ടിയ മതില്‍ പൊളിക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. പഞ്ചായത്തും പോലിസും എഡിഎമ്മും വരെ ഉത്തരവുകളിട്ടിട്ടും ഇടവക ഭരണസമിതി നിഷേധാത്മക നിലപാട് തുടരുകയാണെന്ന് പ്രദേശവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച സഞ്ചാര സ്വാതന്ത്ര്യ സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റവന്യൂ ഭൂമി പൊതു ഇടമായി മാറ്റാന്‍ പട്ടയം റദ്ദാക്കുക, ഗ്രാമപ്പഞ്ചായത്തിന്റെ അനുമതിയില്ലാതെ പണിത മതിലും മുള്ളുവേലിയും പൊളിച്ചുമാറ്റുക, 87 വയസ്സുകാരിയായ ആമിന ഉമ്മയുടെ ചെറിയ വീടുപണി മനുഷ്യത്വവിരുദ്ധമായി തടയുന്ന നീക്കത്തില്‍ നിന്നും ഇടവക ഭരണസമിതി പിന്‍മാറുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്നും സഞ്ചാരസ്വാതന്ത്ര്യ സമരസമിതി നേതാക്കള്‍ പറഞ്ഞു.
സമിതി കണ്‍വീനര്‍ പി എച്ച് ഷാമോന്‍, ജമീല അബ്ദുല്‍ കരീം, സി ആര്‍ നീലകണ്ഠന്‍ (സമരസഹായ സമിതി ചെയര്‍മാന്‍), ജസ്റ്റിന്‍ ഇലഞ്ഞിക്കല്‍ (കണ്‍വീനര്‍, സമരസഹായ സമിതി), ജ്യോതിവാസ പറവൂര്‍, ഹാഷിം ചേന്ദമ്പിള്ളി, പി ജെ മാനുവല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Next Story

RELATED STORIES

Share it