palakkad local

മാഞ്ചിറയില്‍ സിപിഐ-സിപിഎം തര്‍ക്കം രൂക്ഷം

ചിറ്റൂര്‍: ചിറ്റൂര്‍ മാഞ്ചിറയില്‍ സിപിഐ-സിപിഎം സംഘര്‍ഷം പുതിയ വഴിത്തിരിവില്‍. മുന്നണി ധാരണകള്‍ക്ക് വിരുദ്ധമായി ഇത്തവണയും സിപിഐയും സിപിഎമ്മും പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കുന്ന മാഞ്ചിറയില്‍ ഇന്നലെ അര്‍ധരാത്രി എഐടിയുസി പ്രവര്‍ത്തകന്റെ ചായക്കട തീവച്ച് നശിപ്പിച്ചു.
ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനു സമീപത്തെ നൂര്‍മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ചായക്കടയാണ് ഒരു സംഘം തീവച്ച് നശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് സംഭവം. കടയിലേക്ക് തീ പടരുന്നത് കണ്ട നാട്ടുകാര്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
ചായക്കട ആവശ്യത്തിനായി സൂക്ഷിച്ച മൂന്ന് ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചിരുന്നെങ്കിലും അഗ്നിശമന സേന ജീവനക്കാരുടെ അവസരോചിതമായ ഇയപെടല്‍മൂലം അവപൊട്ടിത്തെറിച്ചില്ല. ഏകദേശം 40000 രൂപയുടെ നാശ നഷ്ടം സംഭവിച്ചതായി സംഭവസ്ഥലത്തെ പോലിസ് പരിശോധയ്ക്ക് ശേഷം പറഞ്ഞു.
അതേസമയം സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്നാരോപിച്ച് എഐടിയുസിയും സിപിഐയും രംഗത്തെത്തി. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് സംശയിക്കുന്നതായും ഇതിനുമുമ്പും ഈ കട തകര്‍ക്കാന്‍ സിപിഎം നേതൃത്വം ശ്രമിച്ചതായും സിപിഐ ചിറ്റൂര്‍ മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സിപിഐ-സിപിഎം സംഘര്‍ഷം കാലങ്ങളായി നിലനില്‍ക്കുന്ന മാഞ്ചിറയില്‍ കഴിഞ്ഞ തവണ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും മുന്നണി മര്യാദകള്‍ക്ക് വിരുദ്ധമായി ഇരുവിഭാഗവും പാര്‍ട്ടി ചിഹ്നങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും സിപിഐ സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നൂര്‍മുഹമ്മദിന്റെ ചായക്കടയ്ക്ക് നേരെ അന്നും അക്രമമുണ്ടായിരുന്നു.
ഇത്തവണയും തിരഞ്ഞെടുപ്പില്‍ സിപിഐയ്ക്ക് സീറ്റ് നല്‍കാമെന്ന് തീരുമാനമായിരുന്നെങ്കിലും മുന്നണിമര്യാദകള്‍ക്ക് വിരുദ്ധമായി സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കയാണ്. ഇതിന്റെ ഭാഗമായാണ് ചായക്കടയ്ക്ക് നേരെ അക്രമണം നടന്നതെന്നാണ് അറിയുന്നത്.
Next Story

RELATED STORIES

Share it