മാഞ്ചസ്റ്ററിന് ഷോക്ക്; ബാഴ്‌സയെ പിടിച്ചുകെട്ടി

ലണ്ടന്‍/മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ സ്പാനിഷ് ലീഗില്‍ നിലവിലെ കിരീട വിജയികളായ ബാഴ്‌സലോണയ്ക്ക് സമനില കുരുക്ക് നേരിട്ടു. ബേണ്‍മൗത്താണ് 2-1ന് മാഞ്ചസ്റ്ററിനെ ഞെട്ടിച്ചത്.
എന്നാല്‍, രണ്ടു ഗോളിന് മുന്നില്‍ നിന്നതിനു ശേഷം ഡിപോര്‍ട്ടീവോ ലാ കൊരുണ സ്വന്തം തട്ടകത്തില്‍ ബാഴ്‌സയെ 2-2ന് പിടിച്ചുകെട്ടുകയായിരുന്നു. അതേസമയം, സ്വാന്‍സി സിറ്റിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കയറി.
ബേണ്‍മൗത്തിന്റെ തുടര്‍ച്ചയായ രണ്ടാം അട്ടിമറി
പ്രീമിയര്‍ ലീഗിലെ കുഞ്ഞന്‍ ക്ലബ്ബുകള്‍ ഈ സീസണില്‍ വമ്പന്‍മാര്‍ക്ക് പണി കൊടുക്കുന്നത് ഇതാദ്യമല്ല. ലീഗില്‍ ഒന്നാംസ്ഥാനത്തിനു വേണ്ടി മല്‍സരിക്കുന്ന ലെയ്‌സസ്റ്റര്‍ സിറ്റി ഇതിനോടകം വമ്പന്‍മാരുടെ പേടി സ്വപ്‌നമായി മാറി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ ബേണ്‍മൗത്തിന്റെ വകയായിരുന്നു പണി.
നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയെ കഴിഞ്ഞയാഴ്ച അട്ടിമറിച്ച ബേണ്‍മൗത്ത് 16ാം റൗണ്ട് മല്‍സരത്തില്‍ മാഞ്ചസ്റ്ററിനെയും ഞെട്ടിക്കുകയായിരുന്നു. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ സ്വന്തം തട്ടകത്തില്‍ ബേണ്‍മൗത്ത് മാഞ്ചസ്റ്ററിനെതിരേ ലീഡ് പിടിച്ചിരുന്നു. ജൂനിയല്‍ സ്റ്റാനിസ്ലാസിന്റെ വകയായിരുന്നു ഗോള്‍. എന്നാല്‍, 24ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ മറൗനെ ഫെല്ലെയ്‌നിയിലൂടെ മാഞ്ചസ്റ്റര്‍ സമനില ഗോള്‍ കണ്ടെത്തി. പക്ഷേ, കളിയുടെ രണ്ടാംപകുതിയില്‍ റെഡ് ഡെവിള്‍സിന്റെ തോല്‍വി ഉറപ്പാക്കിയ രണ്ടാം ഗോള്‍ ബേണ്‍മൗത്ത് നിറയൊഴിച്ചു. മുന്‍ മാഞ്ചസ്റ്റര്‍ സ്‌ട്രൈക്കറായിരുന്ന ജോസുഹ കിങാണ് ബേണ്‍മൗത്തിന് സ്വന്തം തട്ടകത്തില്‍ വിജയം ഉറപ്പിച്ച ഗോള്‍ നേടിയത്.
മല്‍സരത്തില്‍ പന്തടക്കത്തിലും ആക്രമണത്തിലും ഇരു ടീമും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു. തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ മുന്നേറാനുള്ള സുവര്‍ണാവസരവും മാഞ്ചസ്റ്റര്‍ പാഴാക്കി. നിലവില്‍ 16 മല്‍സരങ്ങളില്‍ നിന്ന് 29 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍. എന്നാല്‍, സീസണിലെ നാലാം ജയത്തോടെ ബേണ്‍മൗത്ത് പോയിന്റ് പട്ടികയില്‍ 14ാം സ്ഥാനത്തേക്ക് കയറി.
എന്നാല്‍, 26ാം മിനിറ്റില്‍ വില്‍ഫ്രഡ് ബോണിയിലൂടെ മുന്നിലെത്തിയ സിറ്റിയെ 90ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ബഫെറ്റിമ്പി ഗോമസിലൂടെ സ്വാന്‍സി ഒപ്പമെത്തിയിരുന്നു. പക്ഷേ, ഇഞ്ചുറിടൈമില്‍ യായ ടുറെ നേടിയ ഗോളില്‍ സിറ്റി ജയവും വിലപ്പെട്ട മൂന്നു പോയിന്റും സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്വന്തമാക്കുകയായിരുന്നു.
16 മല്‍സരങ്ങളില്‍ നിന്ന് 32 പോയിന്റോടെയാണ് സിറ്റി ലീഗില്‍ ഒന്നാംസ്ഥാനത്തെത്തിയത്. ഒരു മല്‍സരം കുറച്ചു കളിച്ച ലെയ്‌സസ്റ്റര്‍ സിറ്റി 32 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ല വാട്ട്‌ഫോര്‍ഡ് 1-0ന് സണ്ടര്‍ലാന്റിനെയും ക്രിസ്റ്റല്‍ പാലസ് ഇതേ സ്‌കോറിന് സതാംപ്റ്റനെയും തോല്‍പ്പിച്ചപ്പോള്‍ വെസ്റ്റ്ഹാം-സ്‌റ്റോക്ക് സിറ്റി മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
ബാഴ്‌സയെ ഞെട്ടിച്ച് ഡിപോര്‍ട്ടീവോയുടെ തിരിച്ചുവരവ്
കളിയുടെ 76ാം മിനിറ്റ് വരെ ഡിപോര്‍ട്ടീവോയ്‌ക്കെതിരേ ബാഴ്‌സലോണ അനായാസം ജയം നേടുമെന്നാണ് ഏവരും കരുതിയത്. 76ാം മിനിറ്റ് വരെ എതിരില്ലാത്ത രണ്ട് ഗോളിന് സ്വന്തം തട്ടകത്തില്‍ ബാഴ്‌സ മുന്നിലായിരുന്നു.
പക്ഷേ, പിന്നീടുള്ള 10 മിനിറ്റുകളില്‍ ബാഴ്‌സയെ ഞെട്ടിച്ച് ഡിപോര്‍ട്ടീവോ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. 39ാം മിനിറ്റില്‍ 30 വാര അകലെ നിന്നുള്ള തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സയെ മുന്നിലെത്തിച്ചു. 62ാം മിനിറ്റില്‍ ഒരു ഇടവേളയ്ക്കു ശേഷം ഇവാന്‍ റാക്റ്റിക്കും നിറയൊഴിച്ചതോടെ സ്വന്തം തട്ടകത്തില്‍ ബാഴ്‌സ വിജയമുറപ്പിച്ചു. എന്നാല്‍, ഡിപോര്‍ട്ടീവോയുടെ അപ്രതീക്ഷിത പ്രത്യേക്രമണമാണ് പിന്നീട് കണ്ടത്.
77ാം മിനിറ്റില്‍ ലുകാസ് പെരെസ് മാര്‍ട്ടിന്‍സിലൂടെ ആദ്യ ഗോള്‍ നേടിയ ഡിപോര്‍ട്ടീവോ അലെയാന്‍ഡ്രോ ബെര്‍ഗന്റിനോസിലൂടെ 86ാം മിനിറ്റില്‍ സമനില ഗോളും നിക്ഷേപിക്കുകയായിരുന്നു. സമനില വഴങ്ങിയെങ്കിലും 15 മല്‍സരങ്ങളില്‍ നിന്ന് 35 പോയിന്റോടെ ബാഴ്‌സ തന്നെയാണ് ലീഗില്‍ തലപ്പത്ത് തുടരുന്നത്.
14 മല്‍സരങ്ങളില്‍ നിന്ന് 32 പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡും 30 പോയിന്റുമായി റയല്‍ മാഡ്രിഡുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 23 പോയിന്റോടെ ഡിപോര്‍ട്ടീവോ ലീഗില്‍ ആറാം സ്ഥാനത്താണ്. മറ്റു മല്‍സരങ്ങളില്‍ ഗ്രാനഡ 2-1ന് ലെവന്റെയെയും സെല്‍റ്റാവിഗോ 1-0ന് എസ്പാന്യോളിനെയും സെവിയ്യ 2-0ന് സ്‌പോര്‍ട്ടിങ് ഗിജോണിനെയും ലാസ് പാല്‍മാസ് 1-0ന് ബെറ്റിസിനെയും പരാജയപ്പെടുത്തി.
Next Story

RELATED STORIES

Share it