മാഞ്ചസ്റ്ററിനെ തകര്‍ത്ത് ടോട്ടനം; ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

ലണ്ടന്‍: മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്ത് ടോട്ടനം ഹോട്‌സ്പര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി. കഴിഞ്ഞ ദിവസം നടന്ന ലീഗിലെ 33ാം റൗണ്ട് മല്‍സരത്തില്‍ ടോട്ടനം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്ററിന്റെ കഥകഴിച്ചത്. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ മുന്‍ ജേതാക്കളായ ലിവര്‍പൂള്‍ 4-1ന് സ്റ്റോക്ക് സിറ്റിയെ തരിപ്പണമാക്കി.
സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്ററിനെതിരേ മികച്ച പ്രകടനം നടത്തിയാണ് ടോട്ടനം അര്‍ഹിച്ച ജയം സ്വന്തമാക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു ടോട്ടനം മൂന്ന് ഗോളുകളും നേടിയത്. ടോട്ടനമിനു വേണ്ടി ബമിഡെലി അലി (70ാം മിനിറ്റ്), ടോബി അല്‍ഡെര്‍വെയ്‌റല്‍ഡ് (74), എറിക് ലമേല (76) എന്നിവരാണ് സ്‌കോര്‍ ചെയ്തത്.
ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് അകലം ഏഴാക്കി കുറയ്ക്കാനും ടോട്ടനമിനായി. ടോട്ടനമിനെതിരേ മാഞ്ചസ്റ്റര്‍ തോറ്റതോടെ ലെസ്റ്റര്‍ അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിലേക്ക് നേരിട്ട് യോഗ്യത ഉറപ്പിക്കുകയും ചെയ്തു. ഈ സീസണില്‍ ലെസ്റ്റര്‍ ലീഗില്‍ ആദ്യ സ്ഥാനങ്ങളിലെത്തുമെന്നുറപ്പയതാണ് ചാംപ്യന്‍സ് ലീഗ് ടിക്കറ്റ് എളുപ്പമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ലെസ്റ്റര്‍ ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടുന്നത്.
33 മല്‍സരങ്ങളില്‍ നിന്ന് ലെസ്റ്ററിന് 72ഉം ടോട്ടനമിന് 65ഉം പോയിന്റാണുള്ളത്. ഒരു മല്‍സരം കുറച്ചു കളിച്ച ആഴ്‌സനല്‍ 59 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. 53 പോയിന്റോടെ മാഞ്ചസ്റ്റര്‍ നാലാം സ്ഥാനത്താണ്.
പകരക്കാരനായിറങ്ങിയ ഡിവോക് ഒറിജിയുടെ ഇരട്ട ഗോളുകളാണ് സ്വന്തം തട്ടകത്തില്‍ സ്റ്റോക്കിനെതിരേ ലിവര്‍പൂളിന് മികച്ച ജയം സമ്മാനിച്ചത്. 50, 65 മിനിറ്റുകളിലാണ് ഒറിജിയുടെ ഗോള്‍ നേട്ടം. ആല്‍ബെര്‍ട്ടോ മൊറെനോ (8), ഡാനിയേല്‍ സ്റ്റുറിഡ്ജ് എന്നിവരാണ് ലിവര്‍പൂളിന്റെ മറ്റു സ്‌കോറര്‍മാര്‍.
ജയത്തോടെ സ്‌റ്റോക്കിനെ പിന്തള്ളി ലിവര്‍പൂള്‍ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി. 31 മല്‍സരങ്ങളില്‍ നിന്ന് 48 പോയിന്റാണ് ലിവര്‍പൂളിന്റെ സമ്പാദ്യം.
Next Story

RELATED STORIES

Share it