kannur local

മാങ്ങാട്ടുപറമ്പിലെ മലിനീകരണം; സ്ഥാപനങ്ങള്‍ക്കെതിരേ നടപടി

കണ്ണൂര്‍: ധര്‍മശാലയിലെ വ്യവസായ മേഖലയില്‍ നിന്ന് അന്തരീക്ഷ മലിനീകരണം ഉയരുന്നുവെന്ന പരാതിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം.
പരാതിയെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ സ്ഥാപനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് നിശ്ചിത സമയത്തിനുള്ളില്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാനാണു ജില്ലാ കലക്ടര്‍ പി ബാലകിരണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം. മാങ്ങാട്ടുപറമ്പിലും പരിസരങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന 170 ഓളം ഫാക്ടറികളില്‍ നിന്നുണ്ടാവുന്ന മലിനീകരണം സംസ്ഥാനത്ത് മറ്റ് വ്യാവസായിക നഗരങ്ങളെ പോലും പിന്തള്ളുന്നതാണെന്നു വിവിധ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.
മറ്റു പ്രദേശങ്ങളേക്കാള്‍ അന്തരീക്ഷ മലിനീകരണം 350 ശതമാനത്തോളം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. മലിനീകരണം രൂക്ഷമായതോടെയാണ് പ്രദേശവാസികള്‍ സമരത്തിലാണ്. മാങ്ങാട്ടുപറമ്പ് പരിസരസംരക്ഷണ സമിതി ജനകീയ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കുകയും കര്‍മസമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
പരിസര പ്രദേശങ്ങളായ കുഴിച്ചാല്‍, തലുവില്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 54 കിണറുകളില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. 170 ഫാക്ടറികളില്‍ ജോലിചെയ്യുന്ന ആയിരത്തിലേറെ വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രാഥമിക സൗകര്യംപോലും ഒരുക്കാത്തതിനാല്‍ തുറന്ന സ്ഥലത്താണ് മലമൂത്ര വിസര്‍ജനം നടത്തുന്നത്. ഇതാണ് ജലസ്രോതസുകളില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിക്കാന്‍ കാരണം.
മലിനീകരണ നിയന്ത്രണ ബോര്‍ഡും കണ്ണൂര്‍ സര്‍വകലാശാല അന്തരീക്ഷ വിഭാഗം കോഴ്‌സ് ഡയറക്ടര്‍ ഡോ. എ കെ സതീഷ്‌കുമാറും നടത്തിയ പഠനത്തിലാണ് വിവരങ്ങളുള്ളത്.
1,500 ഓളം കുട്ടികള്‍ പഠിക്കുന്ന കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ രൂക്ഷമായ മലിനീകരണമാണ് അനുഭവപ്പെടുന്നത്. അസറ്റിലിന്‍, എഥിലിന്‍, ഈഥേല്‍, പ്രൊപ്പലിന്‍, പ്രൊപ്പൈന്‍, ഐ-ബ്യൂട്ടേന്‍, ഐ-പെന്റേന്‍, എന്‍-പെന്റേന്‍ തുടങ്ങിയ ജൈവസംയുക്തങ്ങളുടെ സാന്നിധ്യം ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാനാവാത്ത അന്തരീക്ഷ മലിനീകരണത്തിലൂടെ പടിപടിയായി ശ്വാസകോശ രോഗങ്ങള്‍, അലര്‍ജി, ശ്വാസംമുട്ടല്‍ എന്നിവ വ്യാപകമാവും. പ്രതിഷേധം രൂക്ഷമായതിനാലാണ് ജില്ലാ വികസന സമിതിയില്‍ വിഷയം ഉന്നയിക്കപ്പെട്ടത്.
Next Story

RELATED STORIES

Share it