World

മാങ്ഖുട്ട് ചുഴലിക്കാറ്റ്: 14 പേര്‍ മരിച്ചു

മനില: മാങ്ഖുട്ട് ചുഴലിക്കാറ്റിനെത്തുടര്‍ന്ന്്് ഫിലിപ്പീന്‍സില്‍ 14 മരണം. ഫിലിപ്പീന്‍സിലെ പ്രധാന ദ്വീപായ ലൂസണെ തകര്‍ത്ത് മാങ്ഖുട്ട് ചുഴലിക്കാറ്റ് ചൈനയുടെ പടിഞ്ഞാറന്‍ തീരത്തേക്കു നീങ്ങുന്നതായി കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.
മരിച്ചവരില്‍ ഒരു ശിശുവും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നതായി ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ ഉപദേഷ്ടാവ്് ഫ്രാന്‍സിസ് ടൊളെന്റിനോ അറിയിച്ചു. ന്യാവ വിസ്‌കായ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിലാണ് കുട്ടികള്‍ മരിച്ചത്. മരിച്ചവരില്‍ രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. മണ്ണിടിച്ചിലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. രണ്ടുപേരെ കാണാതായതായും റിപോര്‍ട്ടുണ്ട്്്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. കാറ്റിനെത്തുടര്‍ന്ന് പ്രളയവും പേമാരിയും മണ്ണിടിച്ചിലും തുടരുന്നുണ്ട്്. പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് 90,000ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആറു മീറ്റര്‍ ഉയരത്തില്‍ തിരമാല ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആയിരക്കണക്കിനു പേരെ തീരദേശത്തു നിന്നും ഒഴിപ്പിച്ചു.
അതിശക്തമായ കാറ്റില്‍ മിക്ക കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്. പ്രദേശങ്ങളില്‍ ടെലിഫോണ്‍ ബന്ധവും വൈദ്യുതബന്ധവും നിലച്ചു. ചുഴലിക്കാറ്റിന്റെ പാതയില്‍ 40 ലക്ഷം ജനങ്ങളാണു വസിക്കുന്നത്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 185 കിലോമീറ്ററാണ്. മറ്റൊരു തീരദേശ നഗരമായ അപാറിയില്‍ പരിക്കേറ്റു നിരവധി പേര്‍ ചികില്‍സ തേടിയതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടും ഉണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഫിലിപ്പീന്‍സില്‍ പ്രതിരോധനടപടികള്‍ ശക്തമാക്കി. 12ലധികം പ്രവിശ്യകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കടലിലൂടെയും ആകാശമാര്‍ഗവുമുള്ള യാത്രകള്‍ നിരോധിച്ചു. വിമാനസര്‍വീസുകള്‍ റദ്ദാക്കി. വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രശ്‌നസാധ്യതാ മേഖലകളില്‍ സൈനികരെ വിന്യസിപ്പിച്ചിരിക്കുകയാണ്. ഹോങ്കോങ്ങില്‍ ഞായറാഴ്ച ചുഴലിക്കാറ്റെത്തും. ചൈനയില്‍ ഞായറാഴ്ച വൈകിയോ തിങ്കളാഴ്ച പുലര്‍ച്ചെയോ ചുഴലിക്കാറ്റ് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന.
2013ല്‍ വീശിയടിച്ച ഹയാന്‍ ചുഴലിക്കാറ്റില്‍ 7000പേരാണ് ഫിലിപ്പീന്‍സില്‍ മരിച്ചിരുന്നത്.

Next Story

RELATED STORIES

Share it