മാഗി ന്യൂഡില്‍സ്: സുപ്രിംകോടതി വിശദ റിപോര്‍ട്ട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: മാഗി ന്യൂഡില്‍സ് പരിശോധനയില്‍ കണ്ടെത്തിയ ഈയത്തിന്റെയും മോണോസോഡിയം ഗ്ലൂട്ടാമേറ്റി (അജിനാമോട്ടോ)ന്റെയും അളവ് സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് നല്‍കാന്‍ സുപ്രിംകോടതി മൈസൂരിലെ സര്‍ക്കാര്‍ ലബോറട്ടറിയോടു നിര്‍ദേശിച്ചു.
ഈ ഘടകങ്ങള്‍ നിയമപരമായി അനുവദിക്കപ്പെട്ട അളവിനുള്ളിലാണോ എന്നു വ്യക്തമാക്കുവാനാണു കോടതി ആവശ്യപ്പെട്ടത്. ലേബാറട്ടറിയില്‍ നിന്ന് മാഗി ന്യൂഡില്‍സിലെ മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റെ അളവിനെക്കുറിച്ചു ലഭിച്ച രണ്ടു പരിശോധനാ റിപോര്‍ട്ടുകള്‍ പഠിച്ചശേഷമാണ് കോടതിയുടെ നിര്‍ദേശം. കേന്ദ്ര ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവിനെതിരേ മാഗി ന്യൂഡില്‍സ് ഉല്‍പ്പാദകരായ നെസ്‌ലെ ഇന്ത്യാ ലിമിറ്റഡ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. മാഗി ന്യൂഡില്‍സില്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമത്തില്‍ അനുവദിച്ച അളവില്‍ മാത്രമേ ഈയത്തിന്റെ അംശം അടങ്ങിയിട്ടുള്ളൂവെന്നായിരുന്നു നെസ്‌ലെ അവകാശപ്പെട്ടത്. എന്നാല്‍ ന്യൂഡില്‍സില്‍ അടങ്ങിയ എല്ലാ ഘടകങ്ങളുടെയും അളവ് പരിശോധിക്കണമെന്നാണു കേന്ദ്രത്തിന്റെ നിലപാട്.
ഈ സാഹചര്യത്തിലാണ് ന്യൂഡില്‍സില്‍ അടങ്ങിയ ഈയത്തിന്റെയും മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റെയും അളവിനെക്കുറിച്ച് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ലേബാറട്ടറിയോട് കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, എന്‍ വി രമണ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പരിശോധനയ്ക്ക് മാഗി ന്യൂഡില്‍സിന്റെ കൂടുതല്‍ സാംപിളുകള്‍ ആവശ്യമാണെങ്കില്‍ ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനുമായി ബന്ധപ്പെട്ടാല്‍ അവര്‍ ലഖ്‌നോവിലുള്ള ഭക്ഷ്യസുരക്ഷാ ഗോഡൗണില്‍ നിന്ന് സാംപിള്‍ ലഭ്യമാക്കുമെന്നും കോടതി പറഞ്ഞു. എട്ട് ആഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കേസ് ഏപ്രില്‍ 5ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു
Next Story

RELATED STORIES

Share it