Alappuzha local

മാക്കേക്കടവ് - നേരേകടവ് പാലം നിര്‍മാണം : സര്‍വീസ് റോഡ് അനുവദിക്കില്ലെന്ന് അധികൃതര്‍



പൂച്ചാക്കല്‍: മാക്കേക്കടവ് നേരേകടവ് പാലം നിര്‍മാണത്തിന്റെ ഭാഗമായി പ്രദേശവാസികള്‍ക്കു സര്‍വീസ് റോഡ് അനുവദിക്കാനാവില്ലെന്നു പൊതുമരാമത്ത് റവന്യു വകുപ്പ് അധികൃതര്‍. ഇന്നലെ മാക്കേക്കടവിലെത്തി സ്ഥലം സന്ദര്‍ശിക്കുകയും പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്തശേഷമാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച വൈകീട്ടു കലക്ടര്‍ ടിവി അനുപമ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് രണ്ടു വകുപ്പിലെയും ഉദ്യോഗസ്ഥരെത്തിയത്. സര്‍വീസ് റോഡ് വേണമെന്ന് കലക്ടറോട് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാലം നിര്‍മാണ സമയത്ത് സര്‍വീസ് റോഡ് അനുവദിക്കാന്‍ സ്ഥലമുണ്ടാവില്ലെന്നും മുഴുവന്‍ സ്ഥലവും നിര്‍മാണ ആവശ്യങ്ങള്‍ക്കു വേണമെന്നും ഉദ്യോഗസ്ഥര്‍ പ്രദേശവാസികളെ അറിയിച്ചു. നിര്‍മാണ സമയത്ത് പ്രദേശവാസികള്‍ക്കു നടവഴിയുണ്ടാവും. സൈക്കിളും കൊണ്ടുപോവാം. നിര്‍മാണത്തിനു ശേഷം മൂന്നു മീറ്റര്‍ സര്‍വീസ് റോഡ് അനുവദിക്കാനാവുമെന്നും അറിയിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡിന് 150 മീറ്റര്‍ നീളവും 12 മീറ്റ!ര്‍ വീതിയുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അപ്രോച്ച് റോഡ് വരുമ്പോള്‍ നിലവിലെ റോഡ് രണ്ടര മീറ്ററോളം ഉയരും. 24 ഉടമകളാണ് സ്ഥലം വിട്ടു നല്‍കാനുള്ളത്. അതില്‍ ഏഴു ഉടമകള്‍ അനുമതിപത്രം നല്‍കാനുണ്ട്. അവരോടും ഉദ്യോഗസ്ഥര്‍ ചര്‍ച്ചനടത്തി. കലക്ടര്‍ പൊതുമരാമത്ത്  റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥലം ഉടമകള്‍ എന്നിവരുമായി വീണ്ടും ചര്‍ച്ച നടത്തും. എല്ലാവരുടെയും അനുമതിപത്രം ലഭിച്ചാല്‍ നഷ്ടപരിഹാരം അനുവദിക്കും. ഒറ്റത്തവണയായി തന്നെയാവും നഷ്ടപരിഹാരം നല്‍കുകയെന്നും അധികൃതര്‍ പറഞ്ഞു.സ്ഥലം ഏറ്റെടുക്കല്‍ വിഭാഗം തഹസില്‍ദാര്‍ ബേബി, പൊതുമരാമത്ത് പാലം വിഭാഗം എന്‍ജിനീയര്‍ റിജോ തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇന്നലെയെത്തിയത്.
Next Story

RELATED STORIES

Share it