മാക്കൂട്ടം വനത്തില്‍ ഉരുള്‍പൊട്ടല്‍; ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു

സാദിഖ് ഉളിയില്‍

ഇരിട്ടി/ താമരശ്ശേരി: കനത്ത മഴ തുടരുന്നതിനിടയില്‍ മലയോര മേഖലയില്‍ ഇന്നലെയും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും. ഇരിട്ടിയില്‍ മാക്കൂട്ടം ബ്രഹ്മഗരി വനമേഖലയിലെ 12 ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒരാള്‍ മരിച്ചു. നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വീട് ഭാഗികമായി തകര്‍ന്ന 17 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. 33 വീടുകളില്‍ വെള്ളം കയറി. ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ വാഹനഗതാഗതം നിലച്ചു.
ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തി. മരങ്ങള്‍ വീണും റോഡില്‍ മണ്‍കൂനകള്‍ നിറഞ്ഞുമുണ്ടായ ഗതാഗത തടസ്സം നീക്കാന്‍ ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടി. വെള്ളപ്പാച്ചിലില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ വിളമന 29ാം മൈല്‍ സ്വദേശി ശരത്താണ് മരിച്ചത്.
ലോറി ക്ലീനറായിരുന്ന ഇയാള്‍ വീരാജ്‌പേട്ടയില്‍ ചെങ്കല്ലിറക്കി ഇരിട്ടിയിലേക്ക് തിരിച്ചുവരവെയാണ് അപകടം. മാക്കൂട്ടത്തെ ഹോട്ടലിനു സമീപം വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കുന്നതിനിടെ പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഇന്നലെ വൈകീട്ട് മൂന്നോടെ മാക്കൂട്ടത്തെ തോട്ടില്‍ കണ്ടെത്തിയ മൃതദേഹം വീരാജ്‌പേട്ട ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.
ചൊവ്വാഴ്ച രാത്രിയാണ് മാക്കൂട്ടം വനത്തിലെ 12 ഇടങ്ങളില്‍ കനത്ത മഴയോടൊപ്പം ഉരുള്‍പൊട്ടലും ഉണ്ടായത്. നിമിഷനേരം കൊണ്ട് ബാരാപോള്‍ പുഴ നിറഞ്ഞുകവിഞ്ഞു. ഇതോടെ, ഇരുകരകളിലും താമസിക്കുന്നവര്‍ ഓടിരക്ഷപ്പെട്ടു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ മുങ്ങിച്ചത്തു.
മാക്കൂട്ടം, പേരട്ട, കൂട്ടുപുഴ, കച്ചേരിക്കടവ്, മുടക്കയം ഭാഗങ്ങളിലാണ് വ്യാപക നാശനഷ്ടം. മാക്കൂട്ടം ചെറിയപാലത്തിലെ തോടും റോഡും വെള്ളത്തില്‍ മുങ്ങി. ചുരം റോഡിലെ വനത്തില്‍ കുടുങ്ങിയ യാത്രക്കാരെ 12 മണിക്കൂറിനു ശേഷം നാട്ടുകാരും അഗ്നിരക്ഷാസേനയും പോലിസും ചേര്‍ന്ന് സാഹസികമായി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചു.
15ഓളം ബസ്സുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ചുരം റോഡില്‍ കുടുങ്ങി. കനത്ത മഴ തുടരുന്നതിനാല്‍ കോടഞ്ചേരി നൂറാം തോട്ടില്‍ അമ്പലത്തിന്റെ ചുറ്റുമതിലും അവിടെയുണ്ടായിരുന്ന മര ഉരുപ്പടികളും ഒലിച്ചുപോയി.
Next Story

RELATED STORIES

Share it