kannur local

മാക്കൂട്ടം ചുരം റോഡ് നവീകരണം ഇഴഞ്ഞുനീങ്ങുന്നു

സാദിഖ് ഉളിയില്‍

ഇരിട്ടി: ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മാക്കൂട്ടം ചുരം റോഡില്‍ ബസ്സുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്കുള്ള നിരോധനം നീങ്ങാന്‍ ഇനിയും മാസങ്ങളെടുക്കും. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം തകര്‍ന്ന റോഡ് നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇഴയുകയാണ്. 80 ദിവസമായി അന്തര്‍ സംസ്ഥാന പാതയില്‍ ബസ് ഗതാഗതം നിലച്ചിട്ട്്. മാക്കൂട്ടം വനത്തില്‍ എട്ടിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചുരം റോഡിന്റെ പലഭാഗങ്ങളും ഇടിഞ്ഞിരുന്നു. മാക്കൂട്ടം മുതല്‍ പെരുമ്പാടി വരെയുള്ള ഭാഗങ്ങളില്‍ 90ഓളം സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും മരം വീഴ്ചയും ഉണ്ടായത്. ഒരുമാസം പൂര്‍ണമായും അടച്ചിട്ട റോഡില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തി ചെറിയ വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. കര്‍ണാടക സംസ്ഥാന ഹൈവേ 91ന്റെ ഭാഗമാണ് 86 കിലോമീറ്ററുള്ള മാക്കൂട്ടം റോഡ്്. ഇതില്‍ 16.5 കിലോമീറ്റര്‍ മാക്കൂട്ടം മുതല്‍ പെരുമ്പാടി വരെയുള്ള ഭാഗമാണ് എന്നും അപകട മേഖലയായി കിടക്കുന്നത്. 16 കിലോമീറ്റര്‍ റോഡില്‍ 15 ഇടങ്ങളില്‍ കൊടുംവളവുകളാണ്. മൂന്നിടങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഇരുമ്പ് ബാരിക്കേഡുകള്‍ തീര്‍ത്തും സുരക്ഷ ഒരുക്കിയെങ്കിലും റോഡ് പൂര്‍ണമായും ഇപ്പോള്‍ അപകടഭീഷണിയിലാണ്. വലിയ വാഹനങ്ങള്‍ക്കുള്ള നിരോധനം മൂലം ഏറെ ദുരിതത്തിലായത് മലയാളികളാണ്. ദിനംപ്രതി ആയിരത്തോളം വാഹനങ്ങളാണ് കൂട്ടപുഴ പാലവും കടന്ന് ചുരം റോഡ് കയറി വീരാജ്‌പേട്ട, മൈസൂര്‍, ബംഗളൂരു ഭാഗങ്ങളിലേക്ക് എത്തുന്നത്. ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടതോടെ പലരും യാത്ര തന്നെ റദ്ദാക്കിയിരിക്കുകയാണ്. തോട്ടം തൊഴിലാളികളും വ്യാപാരികളും വിദ്യാര്‍ഥികളും അനുഭവിക്കുന്ന യാത്ര ദുരിതമേറെയാണ്. ഇരിട്ടിയില്‍ നിന്നു ജീപ്പുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. 45 രൂപ ബസ്സിന് വേണ്ടിടത്ത് 150ഓളം രൂപയാണ് പേട്ടയിലേക്ക് പോവാന്‍ നല്‍കേണ്ടത്. ഇത് വിദ്യാര്‍ഥികകളെയും തൊഴിലാളികളെയും വ്യാപാരികളെയുമാണ് ഏറെ പ്രയാസത്തിലാക്കുന്നത്. ചുരം റോഡ് ശാസ്ത്രീയമായി നവീകരിക്കാന്‍കര്‍ണാടക പൊതുമരാമത്ത് വകുപ്പ് ആറുകോടിയുടെ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ മഴ മാറിനിന്നിട്ടും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. 50 ലക്ഷം രൂപ ചെലവിലാണ് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തിയത്. ഒരുമാസത്തിനുള്ളില്‍ വലിയ വാഹനങ്ങള്‍ക്ക് പ്രവേശിക്കാനാവുന്ന വിധത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.തുടര്‍നടപടികളൊന്നും ഉണ്ടായില്ല. പ്രവൃത്തി ടെന്‍ഡര്‍ പോലും ചെയ്തിട്ടില്ല. കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ വന്‍ മഴക്കെടുതിമൂലം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധ മുഴുവന്‍ അങ്ങോട്ട് തിരിഞ്ഞിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കാന്‍ ആറുമാസമെങ്കിലും എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

Next Story

RELATED STORIES

Share it