kannur local

മാക്കൂട്ടം ചുരം റോഡില്‍ ചെറുവാഹനങ്ങള്‍ ഓടിത്തുടങ്ങി

ഇരിട്ടി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ ചെറിയ വാഹനങ്ങള്‍ക്കുള്ള ഗതാഗത നിരോധനം നീക്കിയെങ്കിലും അപകടഭീതി ഒഴിയുന്നില്ല. 16 കിലോമീറ്ററോളം വരുന്ന ചുരം റോഡില്‍ 99 ഇടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മാക്കൂട്ടം മുതല്‍ പെരുമ്പാടി വരെ നാലിടങ്ങളില്‍ റോഡ് വന്‍ അപകടഭീഷണിയിലാണ്. ഇവിടങ്ങളില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തിയാണ് ഇന്നലെ ചെറിയ വാഹനങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്.
വലിയ വാഹനങ്ങള്‍ക്കുള്ള നിരോധം നീങ്ങാന്‍ മാസങ്ങളെടുക്കും. റോഡിടിഞ്ഞ ഭാഗങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഒരേസമയം ഒരു വാഹനം മാത്രം കടന്നുപോവാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്്. യാത്രയ്ക്കിടയില്‍ വാഹനങ്ങള്‍ നിര്‍ത്തി ഫോട്ടോ എടുക്കുന്നതിനും മറ്റും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബസ്, ലോറി ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ട് കൂട്ടുപുഴയിലും പെരുമ്പാടിയിലും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ആറോടെ റോഡ് തുറന്നെങ്കിലും വാഹനങ്ങളുടെ വലിയ തിരക്കൊന്നും അനുഭവപ്പെട്ടില്ല. ശക്തമായ മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചില്‍ ഭയന്ന് പലരും ഇതുവഴിയുള്ള യാത്ര തല്‍ക്കാലത്തേക്ക് ഒഴിവാക്കി. മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ അപകടാവസ്ഥയില്‍ നൂറുകണക്കിന് വന്‍ മരങ്ങള്‍ നില്‍ക്കുന്നുണ്ട്.
പലതിന്റെയും വേരുകള്‍ പുറത്തായ നിലയിലാണ്. ഇരുവശങ്ങളിലെയും അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കുടക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും റോഡിലേക്ക് ചാഞ്ഞുനിന്ന മരങ്ങള്‍ മാത്രമേ വനം വകുപ്പ് മുറിച്ചിട്ടുള്ളൂ. മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളിലെ മരങ്ങള്‍ ഏതുനിമിഷവും റോഡിലേക്ക് കടപുഴകാനുള്ള സാധ്യത ഏറെയാണ്. ബസ് ഗതാഗതം ഇല്ലാത്തതിനാല്‍ കൂട്ടുപുഴയില്‍നിന്നും പെരുമ്പാടിയില്‍ നിന്നും സമാന്തര സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. 16 കിലോമീറ്റര്‍ യാത്രയ്ക്ക് 150ഓളം രൂപ വരെയാണു ഈടാക്കുന്നത്. ചുരംറോഡില്‍ അടിയന്തര അറ്റകുറ്റപ്പണിക്കായി കര്‍ണാടക പൊതുമരാമത്ത് വകുപ്പ് 57 ലക്ഷം രൂപയാണ് ചെലവിട്ടിരുന്നു.
റോഡ് പൂര്‍ണമായും തകര്‍ന്ന മേമനക്കൊല്ലിയിലും മുംമടക്കിലും റോഡിന് കുറുകെ പൈപ്പ് സ്ഥാപിച്ച് ജെല്ലിക്കല്ലുകള്‍ നിറച്ചാണ് കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോവാന്‍ പാകത്തില്‍ പുനര്‍നിര്‍മിച്ചത്. ഉരുള്‍പൊട്ടലില്‍ കൂറ്റന്‍ പാറകളും മണ്ണും നിറഞ്ഞ മാക്കൂട്ടത്ത്് റോഡിന് താഴെ രൂപംകൊണ്ട ഗര്‍ത്തം കൂറ്റന്‍പാറകള്‍ കൊണ്ടിട്ട് നിരപ്പാക്കി. ഇവിടെ ഒരേസമയം ഒരു വാഹനത്തിന് മാത്രമേ പ്രവേശിക്കാന്‍ പറ്റൂ.
മാക്കൂട്ടം ചെറിയപാലത്തില്‍ ആയിരത്തിലധികം മണല്‍ ചാക്കുകള്‍ നിരത്തിയാണ് സംരക്ഷണഭിത്തി തീര്‍ത്തത്. ഇവിടെയും റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭരണതലത്തിലുണ്ടായ ശക്തമായ ഇടപെടലിന്റെ ഫലമാണ് 28 ദിവസം പൂര്‍ണമായും അടഞ്ഞുകിടന്ന റോഡിന്റെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
Next Story

RELATED STORIES

Share it