Articles

മാംസഭക്ഷണവും മനുഷ്യരാശിയും

എതിരന്‍   കതിരവന്‍

വെജിറ്റേറിയന്‍ എന്നൊരു വാക്ക് മനുഷ്യകുലത്തിന് യോജിച്ചതായിരുന്നില്ല. പച്ചക്കറികള്‍ മാത്രം കഴിച്ച് അതിജീവിക്കാനുള്ള ശരീരഘടനയല്ല പരിണാമം മനുഷ്യനു കല്‍പ്പിച്ചരുളിയത്. പല്ലും താടിയെല്ലുകളും കുടലും മനുഷ്യനെ മാംസാഹാരത്തിന് അനുയോജ്യമാക്കിയാണ് സംവിധാനം ചെയ്‌തെടുത്തിട്ടുള്ളത്. ഉപകരണങ്ങള്‍ മൂര്‍ച്ചപ്പെടുത്തിയ കല്ലുകള്‍ ഉപയോഗിക്കാന്‍ അവന്റെ തലച്ചോറും പ്രാപ്തിയാക്കിയതോടെ മറ്റു മാംസാഹാരി മൃഗങ്ങളുടെ ശരീരഘടനയില്‍ നിന്ന് മാറ്റവും വന്നുചേര്‍ന്നു.
ഇരയെ കടിച്ചുകീറാന്‍ അതിശക്തവും നീളമുള്ളതുമായ കോമ്പല്ലുകള്‍ ആവശ്യമില്ലെന്നു വന്നത് ആഹാരക്രമത്തിലുള്ള മാറ്റങ്ങളോടൊപ്പം ഉപകരണങ്ങളും ആയുധങ്ങളും നിര്‍മിച്ചെടുത്ത് പ്രയോഗിക്കാനുള്ള കഴിവും കരുത്തും അവന്‍ ആര്‍ജിച്ചതോടെയാണ്.
മറ്റു ജന്തുക്കളെപ്പോലെ മനുഷ്യപരിണാമവും പരിസ്ഥിതിയും കാലാവസ്ഥയും ആഹാരലഭ്യതയും ചേര്‍ന്ന് പരുവപ്പെടുത്തിയെടുത്തതാണ്. കായ്കനികളും മണ്ണിനടിയിലെ കിഴങ്ങുകളും പൂര്‍വിക കുരങ്ങുകളെപ്പോലെ ആദിമമനുഷ്യനും പതിവ് ആഹാരമായി ശീലിച്ചെങ്കിലും മരത്തില്‍നിന്നിറങ്ങി രണ്ടു കാലില്‍ നിവര്‍ന്നുനില്‍ക്കാനും ഓടാനും പറ്റിയത് ആഹാരത്തെ സംബന്ധിച്ച് വന്‍ മാറ്റത്തിനാണ് അവസരമൊരുക്കിയത്. കൈകള്‍ സ്വതന്ത്രമായതോടെ ശേഖരിച്ച ഭക്ഷണവുമായി ഓടാനും മൃഗങ്ങളെ ആക്രമിക്കാനും പിന്നീട് ഉപകരണങ്ങള്‍ നിര്‍മിച്ചെടുക്കാനും പ്രാപ്തമാവുകയും ചെയ്തു. കല്‍ച്ചീളുകള്‍ കൊണ്ട് നിര്‍മിച്ച അപ്രാചീന ഉപകരണങ്ങള്‍ കിഴങ്ങുകള്‍ ചതയ്ക്കാന്‍ മാത്രമല്ല, മാംസം മുറിക്കാനും എല്ല് പൊട്ടിച്ചു മജ്ജയെടുക്കാനും അവസരമുണ്ടാക്കി. ഈ വേളയിലാണ് മാംസാഹാരം അവന്റെ ഡിന്നര്‍ മേശയില്‍ പതിവായിത്തുടങ്ങിയത്; പാചകം എന്നത് കണ്ടുപിടിക്കുന്നതിനും ആയിരമായിരം കൊല്ലങ്ങള്‍ക്കു മുമ്പ്.
എല്ലാ ജീവികള്‍ക്കും ബാധകമായ അതിജീവനതത്ത്വങ്ങളില്‍ ചില പൊതുഘടകങ്ങളുണ്ട്. പരിണാമത്തിന്റെ ആധാരം ഈ പൊതുഘടകങ്ങളാണ്. പൊതുവെ പരിതസ്ഥിതിയിലുള്ള വന്‍ മാറ്റങ്ങളാണ് പരിണാമത്തിന്റെ വെല്ലുവിളി. പരിതസ്ഥിതി (കാലാവസ്ഥ, ലാന്റ്‌സ്‌കേപ്, ഭൂമി/ നിലത്തിന്റെ കിടപ്പ്, അവിടെ വളരുന്ന സസ്യങ്ങള്‍, ജന്തുക്കള്‍) മാറിയെങ്കില്‍ അതനുസരിച്ചു പരിണമിക്കാന്‍ കഴിഞ്ഞെങ്കില്‍ അതിജീവനത്തിനു സാധ്യതകളേറുകയാണ്. മൂന്നു പോംവഴികളാണ് ജന്തുക്കള്‍ക്കു മുന്നിലുള്ളത്, ഇത്തരുണത്തില്‍: മറ്റൊരു സ്ഥലത്തേക്ക് മാറുക, മരിക്കുക, അവനവനെ മാറ്റിയെടുക്കുക ഇങ്ങനെ. ആഹാരരീതികള്‍ മാറ്റിയെടുക്കുക എന്നതാണ് ഏറ്റവും എളുപ്പവഴി. മനുഷ്യപരിണാമ സമയത്ത് ആഫ്രിക്കയില്‍ നടന്ന പരിസ്ഥിതി മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ അറിവുകള്‍ കുറച്ചെങ്കിലും ലഭിച്ചിട്ടുണ്ട്. പല്ലുകളുടെ ആകൃതിയും പ്രകൃതിയും- അവയുടെ ബലം, അവയിലുള്ള പോറലുകള്‍/പാടുകള്‍ പ്രത്യേകിച്ചും- എന്തു കഴിച്ചിരുന്നു എന്നതിന്റെ അടയാളം, താടിയെല്ലിന്റെ ആകൃതി, തലച്ചോറിന്റെ വലുപ്പം, ഉപയോഗിച്ച ഉപകരണങ്ങള്‍ എന്നിവയെല്ലാം അവരുടെ ആഹാരരീതികളെപ്പറ്റി വിശദമായ അറിവുകള്‍ നേടിത്തരുകയാണ് ഇന്ന്.
പല്ലുകളും താടിയെല്ലുകളും തരുന്ന തെളിവുകളേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് ആദിമകാലത്തെ ഉപകരണങ്ങളുടെ നിര്‍മിതിയും ഉപയോഗവും സൂചിപ്പിക്കുന്ന അറിവുകളാണ്. കൂര്‍ത്ത മുനയുള്ള കല്ലുകള്‍ കിഴങ്ങുകള്‍ ചതയ്ക്കാനല്ല, ഇറച്ചി കീറിയെടുക്കാനും മുറിക്കാനുമാണ് പരികല്‍പന ചെയ്തത്. ഫോസിലുകളോടൊപ്പം മറ്റു ജന്തുക്കളുടെ എല്ലുകള്‍ കിട്ടിയവയിന്മേല്‍ അസ്ഥി പൊട്ടിച്ച് മജ്ജയെടുക്കാനുള്ള ശ്രമങ്ങളുടെ അടയാളങ്ങള്‍ കാണാനുണ്ട് എന്നത് വന്‍ തെളിവാണ്. ഇടത്തരം സസ്തനികളെ മാത്രമല്ല, ചിലപ്പോള്‍ വലിയവയെയും ഭോജ്യവസ്തു ആക്കിയിരുന്നു നമ്മുടെ വല്യപ്പൂപ്പന്മാരും വല്യമ്മൂമ്മമാരും. പക്ഷികള്‍, ഇഴജന്തുക്കള്‍, മീന്‍ എന്നിവ ഇക്കാലത്ത് അവരുടെ മെനുവില്‍ ഇടംപിടിച്ചിട്ടേ ഇല്ലായിരുന്നു എന്നത് കൗതുകകരമാണ്. ഹോമോസാപിയന്‍സ് സസ്തനികളില്‍ ഒരു ജന്തു എന്നല്ലാതെ 'മനുഷ്യന്‍' എന്നു വ്യവഹരിക്കപ്പെടുന്ന സാംസ്‌കാരിക സ്വരൂപമായി മാറിയത് ഇക്കാലത്താണെന്നാണു വിവക്ഷ. ഭൂപ്രകൃതിയും ആഹാരത്തിനു പറ്റിയ ജീവജാലങ്ങളും അവനെ അതിജീവനത്തിന് ഉപയുക്തമാക്കാന്‍ പര്യാപ്തമാക്കിയെങ്കില്‍ അതില്‍ മാംസാഹാരശീലത്തോട് ഇണങ്ങിയതിനു വലിയ പങ്കുണ്ട്. വലുപ്പമുള്ളതും സങ്കീര്‍ണമായതുമായ തലച്ചോറിനോടൊപ്പം രണ്ടു കാലില്‍ നിവര്‍ന്നുനില്‍ക്കാനും ഓടാനും പറ്റിയ അനാട്ടമി ഉള്‍ച്ചേര്‍ന്നത് ഉപകരണങ്ങള്‍ കൊണ്ടുനടക്കാനും ഉപയോഗിക്കാനും ശേഖരിച്ച ആഹാരം മറ്റു സ്ഥലങ്ങളില്‍ എളുപ്പം എത്തിക്കാനും സൗകര്യമരുളി. സാമൂഹികബന്ധങ്ങള്‍ നിര്‍മിച്ചെടുക്കാനും നിലനിര്‍ത്താനും ഭാഷ എന്ന വരം സ്വയം നേടി, ഭാവിയിലെയും ഭൂതകാലത്തിലെയും കാര്യങ്ങള്‍ പരസ്പരം കൈമാറാന്‍ വ്യഗ്രത കൈവന്നു. ആഹാരം പങ്കുവയ്ക്കുകയും കൈമാറ്റം ചെയ്യുകയും എന്നത് ഉത്തരവാദിത്തമായി വ്യവസ്ഥകളില്‍ ഉള്‍ച്ചേര്‍ത്തു. വേട്ടയാടിയതോ സംഭരിച്ചതോ ആയ ഭക്ഷ്യങ്ങള്‍ കൊണ്ടുചെന്ന് വീതിച്ചെടുക്കാന്‍ വീട് എന്ന സുനിശ്ചിതകേന്ദ്രം സങ്കല്‍പ ഭൗതികതലങ്ങളില്‍ പ്രായോഗികമാക്കി.
എന്താണു കഴിക്കുന്നത് എന്നത്, അല്ലെങ്കില്‍ നെടുനാളത്തെ ആഹാരരീതി ശരീര ധര്‍മവ്യവസ്ഥയില്‍ (ഫിസിയോളജിയില്‍) സാരമായ മാറ്റങ്ങളാണു വരുത്തുന്നത്. മാത്രമല്ല, പരിണാമത്തിന്റെ ചില വഴികള്‍ തുറക്കപ്പെടുന്നതും ഇപ്രകാരമാണ്. ചിമ്പാന്‍സികളും ഗോറില്ലകളും ഉദാഹരണമായെടുക്കാം. പഴങ്ങള്‍ രണ്ടുകൂട്ടര്‍ക്കും പ്രിയതരമാണ്. ഇല്ലാതെ വന്നാല്‍ നാരുകള്‍ ധാരാളമുള്ള ഇലകളും ചില്ലകളുടെ ഉള്‍ക്കാമ്പും കഴിച്ചുതുടങ്ങും ഇവര്‍. എന്നാല്‍ വ്യത്യാസമുണ്ടിതില്‍. ഗോറില്ലകള്‍ നൂറുശതമാനവും ഇപ്രകാരം നാരുകള്‍ അടങ്ങിയവ ശാപ്പിടുമ്പോള്‍ ചിമ്പാന്‍സികള്‍ വെറൈറ്റി തേടുന്നവരാണ്. ഇത് അവരുടെ ആവാസവ്യവസ്ഥകളില്‍ വ്യത്യാസം വരുത്തുന്നു എന്ന് മാത്രമല്ല, ജീവചരിത്രത്തിലും സാരമായ വ്യതിയാനം ഉളവാക്കുന്നു. ഗോറില്ലകള്‍ വേഗം പ്രായപൂര്‍ത്തിയാകുന്നവരാണ്. ഒമ്പതു വയസ്സോടെ ആദ്യഗര്‍ഭം പേറും. ചിമ്പാന്‍സിക്ക് പതിനാലു വയസ്സെങ്കിലും ആവണം ആദ്യഗര്‍ഭധാരണത്തിന്. ഇലകള്‍ ധാരാളമായുള്ള ഒരു ഡയറ്റ് ദഹനവ്യവസ്ഥ പരിപൂര്‍ണ വളര്‍ച്ചയില്‍ എത്തിക്കാന്‍ ആക്കംകൂട്ടുകയും ഭക്ഷണശീലങ്ങളാല്‍ ശീഘ്രതരമായ വളര്‍ച്ചാനിരക്കിലേക്കും പ്രത്യുല്‍പ്പാദന രീതികളിലേക്കും പരിണമിക്കാന്‍ സാധ്യതയുണ്ടാക്കുകയും ചെയ്തു. ഇറച്ചി കഴിച്ചുതുടങ്ങിയ മനുഷ്യരും ഇതുപോലെ പരിണാമങ്ങള്‍ക്ക് വശംവദരാവുകയാണുണ്ടായത്.
മാംസം കൂടുതല്‍ ഊര്‍ജം നല്‍കും കോശങ്ങള്‍ക്കും തദനുസാരാ ജന്തുശരീരത്തിനും. ഏകദേശം രണ്ടര മില്യണ്‍ കൊല്ലങ്ങള്‍ക്കു മുമ്പാണ് ആദിമമനുഷ്യന്‍ കൂടുതല്‍ മാംസാഹാരിയായിത്തീര്‍ന്നത്. ഒരു മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഹോമോ എറക്റ്റസ് വലുപ്പമേറിയ തലച്ചോറുമായാണ് എത്തിയത്. തീറ്റ സംഭരിക്കാന്‍ വിസ്തൃത സ്ഥലികള്‍ തേടിയ ഇവര്‍ക്ക് താരതമ്യേന ചെറിയ പല്ലുകളും ചുരുങ്ങിയ വലുപ്പമുള്ള ചവയ്ക്കല്‍ പേശികളും അതുമൂലം കടിച്ചു ചവയ്ക്കാന്‍ ശക്തിക്കുറവും ഉണ്ടായിരുന്നു എന്ന് മാത്രമല്ല, അധികം നീളമില്ലാത്ത അന്നനാളവും ആയിരുന്നു. അധികതരമാര്‍ന്ന ഊര്‍ജാവശ്യവും അത്ര ശക്തിയേറിയതല്ലാത്ത ചവയ്ക്കല്‍/ദഹനകഴിവും തമ്മില്‍ പൊരുത്തപ്പെട്ടത് കൂടുതല്‍ മാംസം ആഹാരക്രമത്തില്‍ അവര്‍ ഉള്‍പ്പെടുത്തിയിരുന്നതിനാലാണ്. ആകെയുള്ള ആഹാരത്തിന്റെ മൂന്നിലൊന്ന് ഇറച്ചിയാണെങ്കില്‍ 13 ശതമാനം കുറച്ച് ചവയ്ക്കല്‍ പ്രക്രിയ മതി! ഇത് വന്‍ ഊര്‍ജലാഭത്തിനാണ് വഴിവച്ചത്. കല്ലുപകരണങ്ങള്‍ മാത്രമല്ല ഇതിനു സഹായകമായത്. ഈ സമയത്തോടെ പാചകം എന്ന വിദ്യ കണ്ടുപിടിക്കപ്പെടുകയും ചെയ്തു; പാചകം കൂടുതല്‍ ജനകീയമായത് 5,00,000 വര്‍ഷത്തിനു മുമ്പ് മാത്രമാണ് എന്നേയുള്ളൂ. മാംസദഹന പ്രക്രിയയില്‍ വന്‍ വിപ്ലവമാണ് പൊരിക്കല്‍ /ചുടല്‍/ വേവിക്കല്‍ വരുത്തിത്തീര്‍ത്തത്. കല്ലുപകരണങ്ങളും ഈ ഊര്‍ജലാഭവും ഹോമോ വിഭാഗത്തെ പരിണാമപരമായി അതിജീവനത്തിനു സഹായിച്ചു. അവര്‍ മുന്നേറി. കാലാവസ്ഥാവ്യതിയാനത്തില്‍ സസ്യജാലകങ്ങള്‍ പുഷ്‌കലമല്ലാതായി, രക്ഷപ്പെടണമെങ്കില്‍ ഇറച്ചി ശരണം എന്ന് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടിയും വന്നുകാണണം. നാലോളം മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഓസ്റ്റ്രലൊപിത്തെക്കസ് (നമ്മുടെ 'ഹോമൊ' പരമ്പരയുടെ പിതാമഹന്മാര്‍) ഇപ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കാതിരുന്നവര്‍ ആയിരിക്കണം. നാശോന്മുഖമായി അവരുടെ കുലം. പിന്നീടു വന്ന പാരാന്ത്രോപസ് ഒന്നര മില്യണ്‍ കൊല്ലങ്ങളോളം ഭൂമിവാസം കഴിഞ്ഞ് അപ്രത്യക്ഷരായവരാണ്. സ്വന്തം ആഹാരക്രമത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ പറ്റാത്തവര്‍, ആവാസസ്ഥലം മാറിപ്പോവാത്തവര്‍ ആയിരുന്നിരിക്കണം ഇവര്‍. വലിയ പല്ലുകള്‍ ഉണ്ടായിരുന്നു ഇവര്‍ക്ക്.                            ി

(കടപ്പാട്: ഡല്‍ഹി സ്‌കെച്ചസ്,
ഫെബ്രു. 2018)
Next Story

RELATED STORIES

Share it