Pathanamthitta local

മഹിളാ മന്ദിരത്തിലെ ആറുപേരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തു

പത്തനംതിട്ട: കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലെ ആറ് അന്തേവാസികളെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തു. ആറന്മുള നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ സഹായ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ മഹിളാ മന്ദിരത്തിലെത്തിയാണ് ഓണ്‍ലൈന്‍ വോട്ടര്‍ രജിസ്‌ട്രേഷനുള്ള നടപടികള്‍ സ്വീകരിച്ചത്. വോട്ടിങ് യന്ത്രം മഹിളാമന്ദിരത്തിലെ അന്തേവാസികള്‍ക്ക് പരിചയപ്പെടുത്തുകയും മോക് പോള്‍ നടത്തുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ കലക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുമായ എസ് ഹരികിഷോറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കി വരുന്ന മിഷന്‍ 80 ശതമാനം വോട്ടര്‍ ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് മഹിളാ മന്ദിരത്തിലെ അന്തേവാസികളെ വോട്ടര്‍ പട്ടികയില്‍ അംഗങ്ങളാക്കിയത്.
റിട്ടേണിങ് ഓഫിസര്‍ അനു എസ് നായര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ ഒ അബീന്‍, മഹിളാ മന്ദിരം സൂപ്രണ്ട് കെ വി ബിന്ദു, സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ രാരാ രാജ്, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ ഡി ഷിംസ്, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ എം എ ഷാജി, ടീം അംഗങ്ങളായ റോസ് മേരി, അനില്‍, അജി, അജയന്‍, സീന, ശ്രീജിത്ത്, ആര്‍ രാജേഷ്, റൂബി തുടങ്ങിയവര്‍ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് പരാതികള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായി നല്‍കാം
പത്തനംതിട്ട: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരാതികള്‍ നല്‍കുന്നതിനും, അവയില്‍ സ്വീകരിച്ച നടപടികള്‍ അറിയുന്നതിനും, തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, സ്ഥാനാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട വിവിധ അനുമതികള്‍ക്ക് അപേക്ഷ നല്‍കുന്നതിനും അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയതായി അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ കെ ധനേഷ് അറിയിച്ചു.
ക്രമസമാധാനം, മാതൃകാ പെരുമാറ്റച്ചട്ടം, കെട്ടിട ഉടമയുടെ അനുമതിയില്ലാതെ പോസ്റ്റര്‍ പതിക്കുക തുടങ്ങിയവ ഉള്‍പ്പെടെയുളള പരാതികളും വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളും ഇ-പരാതി എന്ന സംവിധാനത്തിലൂടെ സമര്‍പ്പിക്കാം. സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും വാഹനം ഉള്‍പ്പെടെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുമതി, ജാഥകള്‍, പ്രകടനം, വാഹന പെര്‍മിറ്റ് തുടങ്ങിയ വിവിധ അനുമതികള്‍ക്കുമായി ഇ-അനുമതി സംവിധാനത്തില്‍ അപേക്ഷ നല്‍കാം.
അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം. പരാതികളില്‍ നടപടിയാവുമ്പോള്‍ അപേക്ഷകന്റെ മൊബൈലില്‍ സന്ദേശമെത്തും. അക്ഷയ കേന്ദ്രങ്ങളിലുടെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് സര്‍വീസ് ചാര്‍ജായി 10 രൂപയും, ഇതിനൊപ്പം, പ്രിന്റിംഗിനും സ്‌കാനിങിനും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കുകളും നല്‍കണം.
Next Story

RELATED STORIES

Share it