Flash News

മഹിജയും കുടുംബവും ഇന്ന് ഡിജിപിയെ കാണും



തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയും കുടുംബവും  ഇന്ന് ഡിജിപി ടി പി സെന്‍കുമാറിനെ തിരുവനന്തപുരത്തെത്തി സന്ദര്‍ശിക്കും. പുതിയ ഡിജിപിയിലാണ് ഇനി പ്രതീക്ഷയെന്ന് ജിഷ്ണുവിന്റെ പിതാവ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. അതേസമയം, മഹിജയ്ക്കും കുടുംബത്തിനും നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പോലിസ് മേധാവിയെ കാണാനെത്തിയപ്പോഴുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പ്രതിഷേധിച്ചു മഹിജ നടത്തിയ നിരാഹാരം അവസാനിപ്പിച്ചത് ചില ധാരണകളുടെ അടിസ്ഥാനത്തിലായിരുന്നു. സ്‌റ്റേറ്റ് അറ്റോര്‍ണി കെ വി സോഹനും പ്രോസിക്യൂട്ടര്‍ സി പി ഉദയഭാനുവുമാണ് കൂടിയാലോചന നടത്തി സര്‍ക്കാര്‍ അറിവോടെ പ്രശ്‌നപരിഹാരം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വാശ്രയ കോളജുകളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിസിമാരുടെ സമിതിയും ജസ്റ്റിസ് കെ കെ ദിനേശന്റെ അധ്യക്ഷതയില്‍ മറ്റൊരു കമ്മിറ്റിയും രൂപീകരിച്ചത്. ഒപ്പം, ജിഷ്ണുവിന്റെ മരണം സംബന്ധിച്ച അന്വേഷണ പാളിച്ച, പോസ്റ്റുമോര്‍ട്ടം നടത്തിയതിയതിലെ ആക്ഷേപം എന്നിവ സംബന്ധിച്ച് ഡിവൈഎസ്പി തല അന്വേഷണവും നടക്കുകയാണ്. സമരം പിന്‍വലിച്ചപ്പോഴുള്ള ധാരണയില്‍നിന്നു മഹിജയുടെ കുടുംബമോ സര്‍ക്കാരോ പിന്നാക്കം പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, സര്‍ക്കാരുമായുണ്ടാക്കിയ ധാരണയുടെ ഒരു പകര്‍പ്പ് പോലും മഹിജയ്‌ക്കോ കുടുംബത്തിനോ നല്‍കിയിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു.
Next Story

RELATED STORIES

Share it