മഹാശിവരാത്രി: ജനലക്ഷങ്ങള്‍ ഇന്ന് ആലുവ മണപ്പുറത്ത് എത്തും

ആലുവ: മഹാശിവരാത്രിക്ക് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ജനലക്ഷങ്ങള്‍ ഇന്ന് ആലുവ മണപ്പുറത്ത് എത്തും. വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ഭക്തജനങ്ങള്‍ പഞ്ചാക്ഷരി മന്ത്രങ്ങളാല്‍ മുഖരിതമായ മണപ്പുറത്ത് പുലരുവോളം ഉറക്കമിളച്ചിരുന്നുകൊണ്ടാണ് മണ്‍മറഞ്ഞ പിതൃ—ക്കളുടെ മോക്ഷപ്രാപ്തിക്കായി ബലിതര്‍പ്പണം നടത്തുക. മണപ്പുറത്തെ ആത്മീയ ചടങ്ങുകള്‍ക്ക് ദേവസ്വം ബോര്‍ഡും മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന വ്യാപാരമേളയ്ക്ക് നഗരസഭയും നേതൃത്വം നല്‍കും.
തിങ്കളാഴ്ച രാത്രി 12ന് മഹാദേവക്ഷേത്രത്തിലെ വലിയവിളക്കിനെഴുന്നള്ളിപ്പിനു ശേഷം പിതൃതര്‍പ്പണത്തിനു തുടക്കമാവും. തിലഹവനം, പ്രത്യേക പൂജകള്‍ എന്നിവ മണപ്പുറത്തെ താല്‍ക്കാലിക ശിവക്ഷേത്രത്തില്‍ നടക്കും. ക്ഷേത്രം തന്ത്രി ചേന്നാസ് മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മുല്ലപ്പിള്ളി മനയ്ക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലായിരിക്കും പൂജാദികര്‍മങ്ങള്‍ നടക്കുക. ഭക്തര്‍ക്ക് വഴിപാടായി അപ്പം, അരവണ, കൂട്ടുപായസം, വെള്ള നിവേദ്യം, ത്രിമധുരം എന്നിവ പ്രത്യേക കൗണ്ടറുകള്‍ വഴി വിതരണം ചെയ്യും. ബലിതര്‍പ്പണത്തിനായി ഇത്തവണ ദേവസ്വം ബോര്‍ഡാണ് കൂറ്റന്‍ പന്തല്‍ ഒരുക്കിയിട്ടുള്ളത്. പന്തലില്‍ പുഴയ്ക്ക് അഭിമുഖമായി 147 ബലിത്തറകളും പുഴയ്ക്ക് അഭിമുഖമല്ലാതെ 111 ബലിത്തറകളുമാണു സജ്ജമാക്കിയിട്ടുള്ളത്.
രണ്ടര മീറ്റര്‍ വീതിയും നാലര മീറ്റര്‍ നീളവും ഉള്ളതാണ് ബലിത്തറകള്‍. പുരോഹിതര്‍ മന്ത്രോച്ചാരണം നടത്തി നാക്കിലയില്‍ നല്‍കുന്ന അരിയും പൂവും എള്ളും ദര്‍ഭയും നദിയില്‍ സമര്‍പ്പിച്ചുകൊണ്ടാണ് പിതൃതര്‍പ്പണം പൂര്‍ത്തിയാക്കുന്നത്. ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി പി രാമരാജ പ്രേമപ്രസാദ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്കുമാര്‍, ചീഫ് എന്‍ജിനീയര്‍ ജി മുരളികൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ വി എസ് ബാലാജി എന്നിവര്‍ മേല്‍നോട്ടം വഹിക്കും. വ്യാപാരമേളയ്ക്കുള്ള ക്രമീകരണങ്ങള്‍ നഗരസഭ ഏര്‍പ്പാടാക്കി. മണപ്പുറത്തേക്ക് കോണ്‍ക്രീറ്റ് നടപ്പാലം ഒരുക്കിയതാണ് ഇത്തവണത്തെ പ്രത്യേകത. താല്‍ക്കാലിക മുനിസിപ്പല്‍ ഓഫിസ്, പോലിസ് സ്റ്റേഷന്‍, ഫയര്‍‌സ്റ്റേഷന്‍, കെഎസ്ഇബി ഓഫിസ് എന്നിവ മണപ്പുറത്തുണ്ടാവും.
ശിവരാത്രി നാളില്‍ ആലുവ ജില്ലാ ആശുപത്രിയുടെ പ്രഥമ ശുശ്രൂഷ യൂനിറ്റ് മണ—പ്പുറത്തു പ്രവര്‍ത്തിക്കും. ക്രമസമാധാന പാലനത്തിന് റൂറല്‍ എസ്പി ജി എച്ച് യതീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ 1500ലധികം പോലിസുകാരെ വിന്യസിക്കും. ജനത്തിരക്കേറിയ ഭാഗങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചതിനു പുറമെ മണപ്പുറത്ത് രണ്ട് വാച്ച്ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അദൈ്വതാശ്രമത്തിലും വിപുലമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുളിക്കുന്നതിന് പ്രത്യേകം കുളിക്കടവുകളും സജ്ജമാക്കിയിട്ടുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. വൈകീട്ട് 5 മണിക്ക് അദൈ്വതാശ്രമത്തില്‍ സര്‍വമത സമ്മേളനം ചേരും.
Next Story

RELATED STORIES

Share it