മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം; ഭിക്ഷയെടുക്കുന്നതിനേക്കാള്‍ നല്ലതാണ് ബാര്‍ ഡാന്‍സ്: സുപ്രിംകോടതി

ന്യൂഡല്‍ഹി: ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാത്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് സുപ്രിംകോടതി. സര്‍ക്കാര്‍ അധികാരപരിധി കടക്കരുതെന്നും തെരുവില്‍ ഭിക്ഷ യാചിച്ചു ജീവിക്കുന്നതിനേക്കാള്‍ ഭേദമാണ് ബാറുകളിലെ ഡാന്‍സെന്നും കോടതി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡാന്‍സ് ബാറുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെയും കോടതി വിമര്‍ശിച്ചു.
ഡാന്‍സ് ഒരു പ്രഫഷനാണ്. അത് അശ്ലീലമായാല്‍ അതിന്റെ നിയമപരമായ പവിത്രത നഷ്ടമാവും. എങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് അവ നിരോധിക്കാനാവില്ല. സ്ത്രീകളെ സംബന്ധിച്ച് തെരുവുകളില്‍ ഭിക്ഷയാചിച്ചും സ്വീകാര്യമല്ലാത്ത മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ജീവിക്കുന്നതിനേക്കാള്‍ നല്ലത് ബാറുകളിലെ ഡാന്‍സ് തന്നെയാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ 12നാണു ഡാന്‍സ് ബാര്‍ റെഗുലേഷന്‍ ബില്ല് മഹാരാഷ്ട്ര സര്‍ക്കാര്‍ പാസാക്കിയത്. ബാറുകളില്‍ നിയമലംഘനം, വനിതാ ജീവനക്കാരെ ദുരുപയോഗം ചെയ്യല്‍, അശ്ലീല പ്രവൃത്തികള്‍ എന്നിവ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഉടമകളില്‍ ചുമത്തപ്പെടുന്നതാണ് ബില്ല്.
കുറ്റം തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും 25,000 രൂപവരെ പിഴയുമാണു ശിക്ഷ. നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡാന്‍സ് ബാറുകള്‍ തുടങ്ങാന്‍ സാധ്യമല്ല. ഇവയുടെ സമയം വൈകീട്ട് ആറു മുതല്‍ 11.30 വരെ നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഡാന്‍സ് മേഖലയില്‍ മദ്യനിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവെ സുപ്രിംകോടതി ഡാന്‍സ് ബാറുകള്‍ നിരോധിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ രണ്ടു ഭേദഗതികള്‍ റദ്ദാക്കിയിരുന്നു.
Next Story

RELATED STORIES

Share it