മഹാരാഷ്ട്ര മന്ത്രിയുടെ ദാവൂദ് ബന്ധം; ഹരജിയില്‍ ജൂണ്‍ 6ന് വാദം കേള്‍ക്കും

മുംബൈ: മഹാരാഷ്ട്ര റവന്യു മന്ത്രി ഏകനാഥ് കദ്‌സെക്ക് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തെക്കുറിച്ചന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ജൂണ്‍ ആറിന് ബോംബെ ഹൈക്കോടതി വാദംകേള്‍ക്കും.
വഡോദരയില്‍ നിന്നുള്ള നാക്കറായ മനീഷ് ഭംഗാളെ ആണ് ഹരജി നല്‍കിയത്. ദാവൂദിന്റെ കറാച്ചിയിലുള്ള വസതിയില്‍ നിന്നുള്ള ഫോണ്‍ കോള്‍ രേഖകള്‍, ദാവൂദിനു കദ്‌സെയുമായുള്ള ബന്ധം വ്യക്തമാക്കുന്നുവെന്ന് ഹരജിയില്‍ ആരോപിക്കുന്നു. കദ്‌സെയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പ്രത്യേക നമ്പറില്‍ നിരവധി തവണ ദാവൂദിന്റെ വസതിയില്‍ നിന്നു ബന്ധപ്പെട്ടിരുന്നു.
വ്യക്തമായ സാങ്കേതിക തെളിവുകള്‍ നിലവിലുണ്ടെങ്കിലും മുംബൈ പോലിസ് കദ്‌സെക്കെതിരേ യാതൊരു നടപടിയും എടുക്കുന്നില്ലെന്നും കോടതി ഇടപെടണമെന്നും ഹരജിയില്‍ ഭംഗാളെ ആവശ്യപ്പെട്ടു. അതേസമയം, കദ്‌സെക്കെതിരായ ആരോപണത്തില്‍ ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും എഎപിയും രംഗത്തുവന്നു. ആരോപണം ശരിയോ തെറ്റോ ആയിരിക്കാം.
അന്വേഷണത്തിലൂടെയേ ഇതു വ്യക്തമാവൂവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കദ്‌സെക്കെതിരായ സുഗമമായ അന്വേഷണത്തിന് അദ്ദേഹം രാജിവയ്ക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. തനിക്കെതിരായ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും നിഷേധിക്കുന്നുവെന്നും കദ്‌സെ പ്രതികരിച്ചു.
Next Story

RELATED STORIES

Share it