മഹാരാഷ്ട്ര: ബസ് കൊക്കയില്‍ വീണ് 33 മരണം

മുംബൈ: കാര്‍ഷിക സര്‍വകലാശാല ജീവനക്കാരുമായി വിനോദയാത്രയ്ക്കു പോയ ബസ് കൊക്കയില്‍ വീണ് 33 യാത്രക്കാര്‍ മരിച്ചു. മഹാരാഷ്ട്രയിലെ റെയ്ഗാദ് ജില്ലയിലാണ് സംഭവം. കൊങ്കണ്‍ കാര്‍ഷിക സര്‍വകലാശാലയിലെ 34 ജീവനക്കാരായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്.
സര്‍വകലാശാലയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബാലാസഹേബ് സാവന്ത് മാത്രമാണ് രക്ഷപ്പെട്ടത്. കൊക്കയില്‍ നിന്ന്   പിടിച്ച് കയറി മുകളിലെത്തിയ ഇദ്ദേഹമാണ് അപകട വിവരം പോലിസിനെയും സര്‍വകലാശാല അധികൃതരെയും അറിയിച്ചത്.പോലന്ദ്പൂര്‍ ടൗണിനടുത്ത അസനാലിഗഡിലെ 500 അടി താഴ്ചയുള്ള കൊല്ലിയിലേക്കാണ് ബസ് വീണത്.
സത്താറ ജില്ലയിലെ ഹില്‍ സ്റ്റേഷനായ മഹാബലേശ്വറിലേക്ക് വിനോദയാത്ര പോവുകയായിരുന്നു യാത്രക്കാരെന്നു പോലിസ് സൂപ്രണ്ട് അനില്‍ പര്‍സേകര്‍ പറഞ്ഞു. ഒരു വളവില്‍ വച്ച് നിയന്ത്രണം വിട്ട ബസ് കൊക്കയില്‍ വീഴുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ദുരന്തനിവാരണ സേനയാണ് ബസ്സില്‍ നിന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഒരു ഡസന്‍ ആംബുലന്‍സുകളും 15 ഡോക്ടര്‍മാരും സംഭവസ്ഥലത്തെത്തിയിരുന്നുവെന്ന് അഡീഷനല്‍ പോലിസ് സൂപ്രണ്ട് സഞ്ജയ് പാട്ടീല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it