മഹാരാഷ്ട്ര പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ബിജെപിക്ക് കനത്ത തിരിച്ചടി

മുംബൈ: മഹാരാഷ്ട്രയില്‍ ആറു നഗര പഞ്ചായത്തിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കു കനത്ത തിരിച്ചടി. പാര്‍ട്ടിക്ക് അഞ്ചു സീറ്റുകള്‍ മാത്രമാണു ലഭിച്ചത്. 21 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഒന്നാംസ്ഥാനത്തെത്തി. എന്‍സിപിയും ശിവസേനയും 20 സീറ്റുകള്‍ നേടി.
ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് ഫലം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ നാരായണന്‍ റാണെയ്ക്ക് ആശ്വാസം പകരുന്നതാണ്. അദ്ദേഹത്തിന്റെ തട്ടകമായ കൊങ്കന്‍ മേഖലയിലെ കുഡാല്‍ നഗര പഞ്ചായത്തില്‍ കോണ്‍ഗ്രസ് തിളങ്ങുന്ന ജയം നേടി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മല്‍സരിച്ച റാണെ പരാജയപ്പെടുകയായിരുന്നു.
കുഡാന്‍ നഗറിലെ 17 അംഗ സഭയില്‍ കോണ്‍ഗ്രസ്സിന് ഒമ്പതു സീറ്റുണ്ട്. ഇവിടെ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് കിട്ടിയത്. ശിവസേനയ്ക്ക് ആറു സീറ്റ് ലഭിച്ചു. ഉസ്മാന ബാദിലെ ലോഹാര നഗര്‍ പഞ്ചായത്തില്‍ ശിവസേന 9 സീറ്റ് നേടി. എന്‍സിപിക്കു നാലും കോണ്‍ഗ്രസ്സിന് മൂന്നു സീറ്റുമുണ്ട്. ബിജെപി ഒരു സീറ്റില്‍ ജയിച്ചു. മോഹന്‍, മധനഗര്‍ പഞ്ചായത്തുകളില്‍ ശിവസേനയും എന്‍സിപിയും ബിജെപിയേക്കാള്‍ മുന്നിലെത്തി. ലോഹന്ദ് നഗര്‍ പഞ്ചായത്തില്‍ എന്‍സിപിക്ക് എട്ടു സീറ്റും കോണ്‍ഗ്രസ് ആറു സീറ്റും നേടി. ബിജെപിക്ക് ഒരു സീറ്റ് കിട്ടി.
2014ല്‍ താലൂക്ക് ആസ്ഥാനങ്ങളിലെ നഗര പ്രദേശങ്ങള്‍ വിഭജിച്ച് സംസ്ഥാന സര്‍ക്കാര്‍ 138 പുതിയ നഗര പഞ്ചായത്തുകള്‍ രൂപീകരിച്ചതില്‍ പിന്നെ രണ്ടാംഘട്ട തിരഞ്ഞെടുപ്പാണ് ഞായറാഴ്ച നടന്നത്. 345 സീറ്റുകളില്‍ ആദ്യഘട്ട വോട്ടെടുപ്പ് ജനുവരിയില്‍ നടന്നിരുന്നു.
Next Story

RELATED STORIES

Share it