മഹാരാഷ്ട്ര: ഡാന്‍സ് ബാറുകളുടെ നിരോധനം റദ്ദാക്കി

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ നിരോധിച്ചുകൊണ്ടു സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഇതുസംബന്ധിച്ച് 2014ല്‍ സര്‍ക്കാര്‍ വരുത്തിയ ബോംബെ പോലിസ് ആക്ടിലെ 33(എ)(1) രണ്ടാം നിയമഭേദഗതിയും റദ്ദാക്കി. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല ചന്ദ്ര പന്ത് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി. ഈ നിയമഭേദഗതി റദ്ദാക്കുന്നത് ആയിരക്കണക്കിന് വരുന്ന ബാര്‍ നര്‍ത്തകിമാര്‍ക്കും റെസ്റ്റോറന്റുക ള്‍ക്കും വലിയ ഒരു ആശ്വാസമാവുമെന്ന് ബെഞ്ച് വ്യക്തമാക്കി.

ഡാന്‍സ് ബാറുകള്‍ നിരോധിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബാറുടമകളാണ് സുപ്രിംകോടതിയെ സമീപിച്ചത്. അതേസമയം, അശ്ലീലപ്രദര്‍ശനങ്ങള്‍ അനുവദിക്കരുതെന്നും നര്‍ത്തകിമാരുടെ മാന്യത ഉറപ്പാക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ (എഎച്ച്എആര്‍)സമര്‍പ്പിച്ച ഹരജിയില്‍ അന്തിമവാദം കേള്‍ക്കല്‍ നവംബര്‍ അഞ്ചിന് നടക്കും. സമാനമായ കേസില്‍ 2013ല്‍ സുപ്രിംകോടതി തീര്‍പ്പ് കല്‍പ്പിച്ചതാണെന്നു കോടതി പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ഹാജരായി.

ഡാന്‍സ് ബാറുകളില്‍ അശ്ലീല പ്രദര്‍ശനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇവിടങ്ങള്‍ സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാണെന്നും ആരോപിച്ച് 2005 ആഗസ്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഡാന്‍സ് ബാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം, ബാറുകളിലും മറ്റും നടക്കുന്ന ഡാന്‍സ് നിരോധനം തുടരണമെന്ന് ആവശ്യം കോടതിയില്‍ ശക്തമായി ആവശ്യപ്പെടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. നിരോധനം തുടരണമെന്നാണ് സര്‍ക്കാരിന്റെ താല്‍പര്യം. തങ്ങളുടെ ആവശ്യം സുപ്രിം കോടതിയെ ശക്തമായി ബോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എഎച്ച്എആര്‍, ബാര്‍ ഗേള്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it