മഹാരാഷ്ട്ര കര്‍ഷക പ്രക്ഷോഭം ആകസ്മികമായുണ്ടായ മാജിക്കല്ല

കോഴിക്കോട്: മഹാരാഷ്ട്രയിലെ ഐതിഹാസികമായ കര്‍ഷക മുന്നേറ്റം പെട്ടെന്ന് ഒരു ദിവസം ആകസ്മികമായുണ്ടായ മാജിക്കല്ലെന്ന് സമരനായകന്‍ അശോക് ദാവ്‌ലെ. മൂന്ന് വര്‍ഷം മുമ്പെ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമിടയില്‍ തുടങ്ങിയ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് പതിനായിരങ്ങളെ അണിനിരത്തി നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് മാര്‍ച്ച് ചെയ്യാനായതെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയ അശോക് ദാവ്‌ലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
രാജ്യത്ത് ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങള്‍ ആരംഭിച്ച 1991ന് ശേഷം നാലു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇതില്‍ 75,000 പേരും മഹാരാഷ്ട്രക്കാരാണ്. ഇതിനൊക്കെ കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ സാമ്പത്തിക നയങ്ങളാണെന്ന് ജനങ്ങളെ പഠിപ്പിച്ചതിന്റെ ഫലമായുണ്ടായ ജനമുന്നേറ്റത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. 2016ല്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം കര്‍ഷകര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നാസിക്ക്് സെന്‍ട്രല്‍ സ്‌ക്വയറില്‍ ഒത്തുചേര്‍ന്നിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂണില്‍ തങ്ങളുല്‍പാദിപ്പിച്ച പാലും പച്ചക്കറിയും പഴവര്‍ഗങ്ങളും മാര്‍ക്കറ്റിലേക്ക് നല്‍കാതെ കര്‍ഷകര്‍ 11 ദിവസം സമരം നടത്തി. ഇതിന്റെ ഫലമായി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും വാക്കു പാലിച്ചില്ല. ഇതിനെ തുടര്‍ന്നാണ് നാസിക്കില്‍ നിന്ന് മുംബൈ വിധാന്‍സഭ വളയാന്‍ ഈ മാസം ലോങ് മാര്‍ച്ച് സംഘടിപ്പിച്ചതെന്നും സമരത്തിന് നേതൃത്വം നല്‍കിയ ഓള്‍ ഇന്ത്യാ കിസാന്‍ സഭ ദേശീയ പ്രസിഡന്റുകൂടിയായ അശോക് ദാവ്‌ലെ പറഞ്ഞു.  രാജ്യത്തുടനീളം കര്‍ഷകര്‍ക്ക് സമാനമായ ആവശ്യങ്ങള്‍ നേടിയെടുക്കേണ്ടതുണ്ട്. അതിനുള്ള തുടര്‍സമരങ്ങള്‍  കിസാന്‍ സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.
നീരവ് മോദി, വിജയ് മല്യ തുടങ്ങിയ കോര്‍പറേറ്റുകളില്‍ നിന്ന് ഇന്ത്യന്‍ ഖജനാവിലേക്ക് കിട്ടാനുള്ളത് 12 ലക്ഷം കോടി രൂപയാണ്. ഇത് തിരിച്ചുപിടിച്ച് പട്ടിണിപ്പാവങ്ങളായ കര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഹരിക്കണം. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുക, കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 10 കോടി കര്‍ഷകരുടെ ഒപ്പുശേഖരിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ഉടനുണ്ടാവുമെന്നും അശോക് ദാവ്‌ലെ പറഞ്ഞു.
Next Story

RELATED STORIES

Share it