മഹാരാഷ്ട്രയില്‍ കന്യകാത്വ പരീക്ഷ വിവാദമായി

മുംബൈ: കന്യകാത്വ പരീക്ഷയില്‍ പരാജയപ്പെട്ട ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടാന്‍ ഭര്‍ത്താവ് തീരുമാനിച്ചത് വിവാദമായി. സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ നാസിക് പോലിസിന് നിര്‍ദേശം നല്‍കി.
പോലിസ് സേനയില്‍ ചേരാന്‍ തയ്യാറെടുക്കുന്ന അംബേദ്കര്‍ ജില്ലക്കാരിയായ പെണ്‍കുട്ടിയെ നാസിക്കുകാരനായ 25കാരന്‍ കഴിഞ്ഞ മാസമാണ് വിവാഹം ചെയ്തത്. യുവാവിന്റെ രണ്ടാം വിവാഹമായിരുന്നു. ഇരുവരും കനജര്‍ ഭട്ട് സമുദായത്തില്‍ പെട്ടവരാണ്. ഈ സമുദായത്തിന് സ്വന്തമായ ഭരണഘടനയുണ്ട്. അത് കര്‍ശനമായി നടപ്പാക്കുന്നുമുണ്ട്. വിവാഹം കഴിഞ്ഞാല്‍ ജാതി പഞ്ചായത്ത് അംഗങ്ങള്‍ പുറത്ത് കാത്തിരിക്കും. വെള്ളത്തുണിയില്‍ ദമ്പതികള്‍ക്ക് ലൈംഗിക ബന്ധം നിര്‍വഹിക്കാന്‍ എല്ലാ സഹായവും അവര്‍ ഒരുക്കിയിട്ടുണ്ടാവും ലൈംഗിക ബന്ധത്തിനിടെ രക്തം പൊടിഞ്ഞില്ല എന്നാരോപിച്ചാണ് യുവാവ് വധുവിനെ ഉപേക്ഷിച്ചത്. അഥവാ കന്യകാത്വ പരീക്ഷയില്‍ വധു തോറ്റു.
പോലിസ് സേനയില്‍ ചേരാനുള്ള തയ്യാറെടുപ്പിനിടെ നടത്തിയ കായിക പരിശീലനമായിരിക്കാം രക്തം പൊടിയാതിരിക്കാന്‍ കാരണമെന്നാണ് യുവതി പറഞ്ഞത്. അതിന് ഫലമുണ്ടായില്ല. തൊട്ടടുത്ത ദിവസം പോലിസില്‍ പരാതി നല്‍കാന്‍ യുവതിയുടെ അമ്മ ശ്രമിച്ചെങ്കിലും ജാതി പഞ്ചായത്തിനെ ഭയന്ന് പിതാവ് സമ്മതിച്ചില്ല. അമ്മയേയും മകളേയും പിതാവ് വീട്ടില്‍ പൂട്ടിയിട്ടു. മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി അധ്യക്ഷന്‍ കൃഷ്ണ ചന്ദ് ഗുഡെയാണ് സംഭവം പുറത്തു കൊണ്ടുവന്നത്. യുവതിയുടെ രക്ഷിതാക്കളുടെ താല്‍പര്യ പ്രകാരമാണ് കന്യകാത്വ പരീക്ഷ നടത്തിയതെന്നാണ് ഭര്‍ത്താവ് ഇപ്പോള്‍ പറയുന്നത്.
Next Story

RELATED STORIES

Share it