മഹാരാഷ്ട്രയില്‍ ഊരുവിലക്ക് നിരോധിക്കുന്നു

മുംബൈ: ഊരുവിലക്ക് തടയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. ഇതിനായി മഹാരാഷ്ട്ര സാമൂഹിക ബഹിഷ്‌കരണ നിരോധനനിയമം 2015 ബില്ലിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ഊരുവിലക്ക് തുടരുന്നുണ്ട്. ഇത് എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.പുതിയ നിയമമനുസരിച്ച് ഊരുവിലക്ക് കുറ്റകൃത്യമായി പരിഗണിക്കും. ഇത്തരം കേസുകളില്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനോ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോ പ്രതികള്‍ക്ക് ജാമ്യം നല്‍കാവുന്നതാണ്. ഊരുവിലക്ക് പ്രഖ്യാപിക്കുന്നവര്‍ക്ക് പരമാവധി ഏഴുവര്‍ഷം വരെ തടവോ അഞ്ചുലക്ഷം രൂപ പിഴയോ, രണ്ടും കൂടിയോ ചുമത്താന്‍ ബില്ല് നിര്‍ദേശിക്കുന്നു. കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്ന ആള്‍ക്ക് മൂന്നു വര്‍ഷം വരെ തടവോ മൂന്നു ലക്ഷം വരെ പിഴയോ രണ്ടും കൂടിയോ ചുമത്താനും വ്യവസ്ഥയുണ്ട്.
ഊരുവിലക്ക് പ്രഖ്യാപിക്കാന്‍ സംഘം ചേരുന്നതിനും വിലക്കുണ്ട്. സംഘം ചേരുന്നതും അതില്‍ പങ്കെടുക്കുന്നതും കുറ്റകരമായിരിക്കും. ഒന്നരലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റകൃത്യമായിരിക്കുമിതെന്ന് ബില്ല് നിര്‍ദേശിക്കുന്നു. ജില്ലാകലക്ടര്‍, ഊരുവിലക്ക് നിരോധന ഉദ്യോഗസ്ഥന്‍, പോലിസ് എന്നിവര്‍ക്ക് ഇതിനായി അധികാരങ്ങള്‍ നല്‍കും. ഊരുവിലക്ക് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് ഊരുവിലക്ക് സംഭവങ്ങള്‍ പെരുകിവരുന്ന സാഹചര്യത്തില്‍ അവ നിരോധിക്കാനുദ്ദേശിക്കുന്നതായി നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. ബില്ലില്‍ സര്‍ക്കാര്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജാതി പഞ്ചായത്തുകള്‍ പലതും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമെതിരേ ഊരുവിലക്ക് പ്രഖ്യാപിക്കുക പതിവാണ്.
Next Story

RELATED STORIES

Share it