ernakulam local

മഹാരാജാസ ്‌കോളജില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി

കൊച്ചി: മഹാരാജാസ് കോളജില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് മുതിര്‍ന്ന വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു.
കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി ബിപിന്‍, ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥി രാഹുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമീര്‍, നീരജ്, പ്രണവ് എന്നീ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.
ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ കോളജില്‍ നടന്ന ഇന്റേണല്‍ പരീക്ഷ എഴുതാനായില്ലെന്നും പറയുന്നു.
ഒക്ടോബര്‍ 30 ന് കോളജിലുണ്ടായ റാഗിങ്ങിന്റെ തുടര്‍ച്ചയായാണ് ഇന്നലെ സംഘര്‍ഷമുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ഒരു സംഘം സീനിയര്‍ വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വൈശാഖ്, അമീര്‍, ഋഷി എന്നീ വിദ്യാര്‍ഥികള്‍ സെന്‍ട്രല്‍ പോലിസില്‍ പരാതി നല്‍കി.
സംഭവത്തില്‍ പോലിസ് കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. പരാതി നല്‍കിയതിനെ തുടര്‍ന്ന് റാഗ് ചെയ്ത വിദ്യാര്‍ഥികള്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ കോളജില്‍ വരാറില്ലായിരുന്നുവത്രെ.
എന്നാല്‍ ഇന്നലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാനെത്തിയപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ തടഞ്ഞു. ഇതിനെതിരേ മറ്റൊരു വിഭാഗം സീനിയര്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയതോടെയാണ് ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായത്.
Next Story

RELATED STORIES

Share it