മഹാരാജാസ്: രണ്ട് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം; ക്ലാസുകള്‍ ഇന്നു തുടങ്ങും

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോളജ് കൗണ്‍സില്‍ തീരുമാനം. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ്, ഈ അധ്യയനവര്‍ഷം പ്രവേശനം നേടിയ ഫാറൂഖ് എന്നിവര്‍ക്കെതിരേയാണു നടപടിയെടുക്കാന്‍ ഇന്നലെ ചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചത്.
രണ്ടും മൂന്നും വര്‍ഷ ബിരുദ ക്ലാസുകളും ബിരുദാനന്തര ബിരുദ ക്ലാസുകളും ഇന്നു മുതലും ഒന്നാംവര്‍ഷ ക്ലാസുകള്‍ തിങ്കളാഴ്ചയും ആരംഭിക്കും. ഇന്ന് ക്ലാസുകള്‍ തുടങ്ങുന്നതിനു മുമ്പ് അഭിമന്യുവിന്റെ വേര്‍പാടില്‍ അനുശോചനയോഗം ചേരും. അഭിമന്യുവിന്റെ ബന്ധുക്കള്‍ക്ക് സാമ്പത്തികസഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായി. അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് സമാഹരിക്കുന്ന തുക ജൂലൈ 10ന് മുമ്പായി ബന്ധുക്കള്‍ക്കു നല്‍കും. ഒന്നാംവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി കുട്ടികള്‍ക്ക് ഒരു ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.
പ്രഫ. എം കെ സാനു മുഖ്യപ്രഭാഷണം നടത്തും. അഭിമന്യുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോളജില്‍ പ്രത്യേക അന്വേഷണ കമ്മീഷന് രൂപം നല്‍കിയിട്ടുണ്ട്. ഹിന്ദി വകുപ്പ് മേധാവി ഡോ. ഇന്ദു വല്‍സയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷനാണു രൂപം നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it