Flash News

തകര്‍ന്നടിഞ്ഞ് കാര്‍ഷികമേഖല; പ്രളയം കോട്ടയത്തിന് ബാക്കിവച്ചത് നഷ്ടങ്ങളും വേദനകളും

പ്രളയാനന്തരം നവകേരള സൃഷ്ടിക്കായുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് കേരള സര്‍ക്കാര്‍. ആത്യന്തികമായി അഭിമുഖീകരിക്കേണ്ട വന്‍ സാമ്പത്തികബാധ്യത മറികടക്കാനുള്ള കഠിനശ്രമമാണ് നിലവില്‍ നടക്കുന്നത്. കേന്ദ്രം, ഇതര സംസ്ഥാനങ്ങള്‍, ലോക ബാങ്ക്, എഡിബി മുതല്‍ സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂലിത്തൊഴിലാളികളും വിദ്യാര്‍ഥികളും വാര്‍ധക്യകാല പെന്‍ഷന്‍ വാങ്ങുന്നവരും വരെ സഹായിക്കാന്‍ രണ്ടു കൈയും നീട്ടി മുന്നോട്ടുവന്നത് ആശ്വാസം തന്നെയാണ്.
എന്നാല്‍, പ്രളയം വരുത്തിവച്ചതിനേക്കാള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നതിന് ഇതുവരെ കാര്യമായ ചര്‍ച്ചകളോ തീരുമാനങ്ങളോ പദ്ധതികളോ ഉണ്ടായിട്ടില്ല. പുഴകളിലും ജലാശയങ്ങളിലും പ്രളയാനന്തരം ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞത് ഭാവി കേരളജീവിതത്തെക്കുറിച്ച് ആശങ്ക സൃഷ്ടിക്കുന്നു. ഉള്ള ജലത്തില്‍ വിഷാംശങ്ങളുടെ അളവ്് പ്രളയപൂര്‍വ അവസ്ഥയേക്കാള്‍ ഇരട്ടിയിലധികമാണ്. ഭാവിയിലെ വേനലുകള്‍ കൊടുംവരള്‍ച്ചയുടെയും അത്യുഷ്ണത്തിന്റേതുമാവുമെന്നാണ് ശാസ്ത്രപ്രവചനം. മണ്ണിന്റെ ജൈവഘടനയിലും മാറ്റം വന്നു. ഉര്‍വരത നഷ്ടപ്പെട്ട മണ്ണില്‍ വിഷാംശത്തിന്റ വന്‍തോതിലുള്ള നിക്ഷേപം വന്നടിഞ്ഞതായി പഠനറിപോര്‍ട്ടുകള്‍ പറയുന്നു. അണക്കെട്ടുകളില്‍ നിന്നും വളര്‍ത്തുകേന്ദ്രങ്ങളില്‍ നിന്നും പ്രളയത്തില്‍ പുറത്തുചാടിയ പല വിദേശമല്‍സ്യങ്ങളും പുഴകളിലും കായലുകളിലും തോടുകളിലും വിഹരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ നിരോധിച്ചവ ഉള്‍പ്പെടെ ഇവയില്‍ പലതും നാടന്‍മല്‍സ്യങ്ങള്‍ക്ക് വന്‍ ഭീഷണിയാവുമെന്നും അതുവഴി പരിസ്ഥിതിയുടെ താളംതെറ്റുമെന്നും വിദഗ്ധര്‍ പറയുന്നു.
ഈ പറഞ്ഞത് ഭാവികേരളത്തിന്റെ വിഹ്വലതകളില്‍ ചിലതു മാത്രമാണെങ്കില്‍, അതിനുമപ്പുറം നിത്യജീവിതം ദുരിതത്തിലായ ഗ്രാമീണജനതയുടെ വര്‍ത്തമാനകാല ജീവിതം എങ്ങനെയാണ്? അടിയന്തര സഹായമായി പ്രഖ്യാപിച്ച 10,000 രൂപ കൊടുത്തുതീര്‍ക്കാനുള്ള തീവ്രയജ്ഞത്തിലാണു സര്‍ക്കാരും ഉദ്യോഗസ്ഥരുമെങ്കില്‍ അര്‍ഹതപ്പെട്ടത് ഉടന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന നെട്ടോട്ടത്തിലാണ് സാധാരണക്കാര്‍. അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടിയില്ലെന്നും അനര്‍ഹര്‍ ലിസ്റ്റില്‍ കയറിപ്പറ്റിയെന്നും പല ജില്ലകളില്‍നിന്നും നിരവധി പരാതികള്‍ ഉയരുന്നു. ആഗസ്തില്‍ പ്രഖ്യാപിച്ച അടിയന്തര സഹായം ഇനിയും ലഭിച്ചില്ലെങ്കില്‍ വീടും കിടപ്പാടവും പോയവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട ധനസഹായം ഇനിയെത്ര താമസിക്കുമെന്നും അതിനുള്ള പെടാപ്പാട് എന്തൊക്കെയായിരിക്കുമെന്നും ജനം ആവലാതിപ്പെടുന്നു. പ്രളയബാധിതമായ ഓരോ ജില്ലകളില്‍ നിന്നും വര്‍ത്തമാനകാല ജനജീവിതത്തിന്റെ നേര്‍ചിത്രം വരച്ചിടുകയാണ് തേജസ് ലേഖകന്‍മാര്‍.

മഹാപ്രളയം കോട്ടയത്തിന് ബാക്കിവച്ചത് നഷ്ടങ്ങളും വേദനകളും മാത്രം.നാളിതുവരെയായിട്ടും പതിനായിരങ്ങള്‍ക്ക്് സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്താന്‍ സാധിച്ചിട്ടില്ല. വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍, ജീവനോപാധികള്‍ പ്രളയമെടുത്തവര്‍, കൃഷിയും വളര്‍ത്തുമൃഗങ്ങളും ഒലിച്ചുപോയവര്‍, പഠനോപകരണങ്ങളും അവശ്യ സര്‍ട്ടിഫിക്കറ്റുകളും രേഖകളും നഷ്ടമായവര്‍...
സമ്പാദിച്ചതെല്ലാം കൈവിട്ടുപോയ കുടുംബങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ജില്ലയിലുടനീളം. ജൂണ്‍, ജൂലൈ മാസങ്ങളിലുണ്ടായ ആദ്യ വെള്ളപ്പൊക്കത്തിന്റെ കെടുതികളില്‍നിന്ന് കരകയറാന്‍ കോട്ടയം ബദ്ധപ്പെടുമ്പോഴാണ് ആഗസ്തില്‍ കേരളത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ പ്രളയദുരന്തമുണ്ടായത്. ക്യാംപുകളില്‍ നിന്ന് വീടുകളിലേക്കു മടങ്ങിയെത്തിയവര്‍ വീണ്ടും ക്യാംപുകളിലേക്ക് പലായനം ചെയ്യുന്ന കാഴ്ചകള്‍ക്കാണ് കോട്ടയം സാക്ഷ്യംവഹിച്ചത്. ഇപ്പോഴും സ്‌കൂളുകളില്‍ അന്തിയുറങ്ങുന്ന കുടുംബങ്ങളും പ്രളയാനന്തര കേരളത്തിന്റെ സാക്ഷ്യപത്രമാണ്. ആലപ്പുഴ ജില്ലയില്‍ കൈനകരി പഞ്ചായത്തിലെ കുട്ടനാട് ആര്‍ ബ്ലോക്കില്‍പ്പെട്ട എട്ട് കുടുംബങ്ങളാണ് കോട്ടയം കാഞ്ഞിരംകിളിരൂര്‍ എസ്എന്‍ഡിപി സ്‌കൂളില്‍ ജീവിതം തള്ളിനീക്കുന്നത്. ഇവരുടെ വീടുകള്‍ വാസയോഗ്യമല്ലാത്തവിധം തകര്‍ന്നു. പ്രളയം മാറിയിട്ടും കുട്ടികള്‍ സ്‌കൂളിലെത്താത്തതിനെക്കുറിച്ച് കാഞ്ഞിരംകിളിരൂര്‍ എസ്എന്‍ഡിപി സ്‌കൂളിലെ അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് ആര്‍ ബ്ലോക്കിലെ കുടുംബങ്ങളുടെ ദുരവസ്ഥ മനസ്സിലാവുന്നത്. പഠനം മുടങ്ങാതിരിക്കാന്‍ ഈ കുടുംബങ്ങളെയും കുട്ടികളെയും സ്‌കൂളില്‍ താമസിപ്പിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. പ്രളയം എല്ലാം വിഴുങ്ങിയപ്പോള്‍ ഇവരില്‍ പലര്‍ക്കും ആകെയുണ്ടായിരുന്ന കൂലിപ്പണിയും ഇല്ലാതായി. സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്താലാണ് ഇവരുടെ ജീവിതം മുന്നോട്ടുപോവുന്നത്. ഈ കുടുംബങ്ങളിലെ 29 ഓളം കുട്ടികളാണ് ഈ സ്‌കൂളില്‍ പഠനം നടത്തുന്നത്. ഇതില്‍ ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുമുണ്ട്. സര്‍ക്കാരിന്റെ 10,000 രൂപയാണ് ആകെ ഇവര്‍ക്കു ലഭിച്ച സഹായം. താമസം പുനരാരംഭിക്കണമെങ്കില്‍ ഇവരുടെ വീടുകള്‍ പുനരുദ്ധരിക്കേണ്ടിവരും. ഇതിന് സര്‍ക്കാരില്‍ നിന്ന് സാമ്പത്തികസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍.
പടിഞ്ഞാറന്‍ മേഖലകളില്‍ പ്രളയമായിരുന്നെങ്കില്‍ കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഭീഷണി ഉയര്‍ത്തിയത് ഉരുള്‍പൊട്ടലാണ്. കൂട്ടിക്കല്‍, ഈരാറ്റുപേട്ട, മേലുകാവ്, തീക്കോയി തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടല്‍ നാശം വിതച്ചത്. പ്രളയമേല്‍പ്പിച്ച മുറിപ്പാടുകളില്‍ നിന്ന് മുക്തിനേടാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോഴും നാട് മുഴുവന്‍.
കാര്‍ഷികമേഖല പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നടിഞ്ഞു. നെല്‍കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ക്കാണ് പ്രളയം കരിനിഴല്‍ വീഴ്ത്തിയത്. ജില്ലയിലാകെ 6,780 ഹെക്റ്റര്‍ നെല്‍കൃഷി നശിച്ചു. ആദ്യ പ്രളയത്തില്‍ മുങ്ങിപ്പോയതാവട്ടെ 5,000 ഏക്കര്‍ നെല്‍കൃഷിയും. വിരിപ്പൂകൃഷിയുടെ വിത മുതല്‍ കതിരിട്ട നെല്‍ച്ചെടികളെ വരെയാണ് പ്രളയം വിഴുങ്ങിയത്. കോട്ടയം നഗരസഭ, അയ്മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, വെച്ചൂര്‍, വെള്ളൂര്‍, ഇടയാഴം, ടിവി പുരം, നീണ്ടൂര്‍ പഞ്ചായത്തുകളിലാണ് നാശം സമ്പൂര്‍ണമായത്. ചീപ്പുങ്കല്‍ വട്ടക്കായല്‍, വിരിപ്പുകാല, 900 ചിറ, തോട്ടുപുറം, മാലിക്കായല്‍, തുരുത്തുമാലി, പള്ളിക്കരി, അകത്തേക്കരി, അന്തോണിക്കായല്‍, പടിഞ്ഞാറെ പള്ളിക്കായല്‍ എന്നീ പാടശേഖരങ്ങളിലെയും നെല്‍കൃഷി വെള്ളത്തിലായി. 150 ഏക്കറോളം വരുന്ന കവണാറ്റിന്‍കര കേളക്കരി വട്ടക്കായല്‍, 90 ഏക്കര്‍ വരുന്ന പടിഞ്ഞാറേക്കര പള്ളിക്കായല്‍, കിഴക്കേക്കര പള്ളിക്കായല്‍, കൂരിച്ചാല്‍ കോലടിച്ചിറ, വികെവി, മഞ്ചാടിക്കരി പുത്തന്‍കേളക്കരി, മേനോന്‍ കരി, കിഴക്കേ മണിയാപറമ്പ്, പ്രാവട്ടം കറുകപ്പാടം, ചൂരത്തറ എന്നീ പാടശേഖരങ്ങളിലെ നെല്‍കൃഷിയാണ് വിളവെടുപ്പിന് പാകമായ സമയത്തുണ്ടായ പ്രളയത്തില്‍ വ്യാപകമായി നശിച്ചത്. പെണ്ണാര്‍തോടില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ബണ്ട് തകര്‍ന്ന് പാടത്ത് വെള്ളം കയറിയാണ് കൃഷിനാശമുണ്ടായത്. ജില്ലയിലെ 144 പാടശേഖരങ്ങളിലും വന്‍ കൃഷിനാശമാണുണ്ടായിട്ടുള്ളത്. വെള്ളം വറ്റിച്ചാല്‍ മാത്രമേ ഈ പാടങ്ങളില്‍ തുടര്‍ന്ന് കൃഷിയിറക്കാന്‍ സാധിക്കുകയുള്ളൂ. വായ്പയെടുത്തും സ്വര്‍ണം പണയം വച്ചും കടം വാങ്ങിയും ഏക്കറിന് 20,000 രൂപ മുതല്‍ 35,000 രൂപ വരെ ചെലവഴിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വലയുന്നു. കൊയ്ത്ത് നടക്കാത്തതിനാല്‍ സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കില്ല. ഓരോ പാടശേഖരത്തിലും ലക്ഷങ്ങള്‍ ചെലവിട്ടെങ്കില്‍ മാത്രമേ ഇനി കൃഷിയിറക്കാനാവൂ. പടിഞ്ഞാറന്‍ മേഖലകളിലെ പാടശേഖരങ്ങളില്‍ ഇനി കൃഷിയിറക്കണമെങ്കില്‍ കൃഷിവകുപ്പില്‍നിന്ന് സഹായം ലഭിക്കണം. നെല്ലിന് ഒരു ഹെക്റ്ററിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 13,500 രൂപ നഷ്ടപരിഹാരം ഒന്നിനും തികയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. തകര്‍ന്ന ബണ്ടുകള്‍ പുനസ്ഥാപിച്ച് കൃഷിയിറക്കാനുള്ള സംവിധാനമാണ് ആദ്യമൊരുക്കേണ്ടത്. പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ കര്‍ഷകരുടെ എല്ലാ മോട്ടോര്‍തറകളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. ഇതോടെ മോട്ടോറുകള്‍ വെള്ളം കയറി നശിച്ചു.
നെല്ലിന് പുറമേ തെങ്ങ്, റബര്‍, വാഴ, കുരുമുളക്, കമുക്, കൈതച്ചക്ക, കാപ്പി, ഇഞ്ചി, മരച്ചീനി, മഞ്ഞള്‍, കൊക്കോ, പച്ചക്കറി, ജാതി, വെറ്റില, പയര്‍, കിഴങ്ങുവര്‍ഗങ്ങള്‍, പുകയില തുടങ്ങിയ വിളകള്‍ നശിച്ചതു വഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. കൂടാതെ വിളവെടുപ്പിന് പാകമായ മല്‍സ്യങ്ങള്‍ അപ്പര്‍ കുട്ടനാട്ടിലെ എല്ലാ ഫിഷ് ഫാമുകളില്‍നിന്നും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. വായ്പയെടുത്ത് മല്‍സ്യകൃഷി നടത്തിയവരാണ് ഇതില്‍ ഭൂരിഭാഗവും.
കുമരകത്തിന്റെയും വൈക്കത്തിന്റെയും വിനോദസഞ്ചാരമേഖലയ്ക്കും കനത്ത തിരിച്ചടിയാണു നേരിട്ടത്. വിനോദസഞ്ചാരികള്‍ ആദ്യ പ്രളയത്തോടെ കേരളം വിട്ടു. നിലവില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവാണുണ്ടായിരിക്കുന്നത്. ഹോട്ടലുകളിലെ ബുക്കിങിലും ഇടിവുണ്ടായി.
വ്യവസായമേഖല കനത്ത നഷ്ടമാണ് നേരിട്ടതെന്നാണ് ജില്ലാ വ്യവസായകേന്ദ്രം ലോകബാങ്കിന് നല്‍കിയ റിപോര്‍ട്ട്. ആകെ 7.45 കോടിയാണ് നഷ്ടക്കണക്ക്. തൊഴില്‍നഷ്ടമാണെങ്കില്‍ 2.13 കോടിയാണ്. കയര്‍പിരി, മണ്‍പാത്രം ഉള്‍പ്പടെയുള്ള പരമ്പരാഗത വ്യവസായമേഖലകളിലുണ്ടായ ദുരിതം പ്രവചനാതീതമാണ്. താറാവുകര്‍ഷകര്‍ക്കും കനത്ത പ്രഹരമാണ് പ്രളയമേല്‍പ്പിച്ചത്. നിരവധി താറാവു കച്ചവടകേന്ദ്രങ്ങളാണ് മഹാപ്രളയത്തില്‍ നശിച്ചത്.
പ്രളയത്തിനുശേഷമുണ്ടായ കുടിവെള്ളപ്രശ്‌നമാണ് മറ്റൊരു വെല്ലുവിളി. എല്ലാ ജലസ്രോതസ്സുകളും വറ്റിവരണ്ട അവസ്ഥയിലായി. മീനച്ചിലാര്‍, മണിമലയാര്‍, മൂവാറ്റുപുഴയാര്‍ തുടങ്ങിയവ മെലിഞ്ഞുണങ്ങി. മുപ്പന്‍ വാഗമണ്‍ മലനിരയുടെ അടിത്തട്ടില്‍നിന്ന് ഉദ്ഭവിക്കുന്ന പുല്ലകയാറില്‍ മിക്ക ഭാഗങ്ങളിലും വെള്ളം നന്നേ കുറഞ്ഞു. ചെറുതോടുകളുടെയും അരുവികളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. മണ്ണിന്റെ സ്വാഭാവിക ജലസംഭരണശേഷി കുറഞ്ഞതാണ് പ്രളയത്തിലെത്തിയ വെള്ളം ഒഴുകിപ്പോവാനുണ്ടായ പ്രധാന കാരണമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പല കുടിവെള്ള പദ്ധതികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതും കുടിവെള്ളം കിട്ടാക്കനിയാക്കി.

(അവസാനിക്കുന്നില്ല)

സംയോജനം: ഇ ജെ ദേവസ്യ.
റിപോര്‍ട്ട്്്: നിഷാദ് എം ബഷീര്‍

Next Story

RELATED STORIES

Share it