Flash News

മഹാതീര്‍ മുഹമ്മദ്: ചരിത്രം കുറിച്ച് അപ്രതീക്ഷിത തിരിച്ചുവരവ്

ക്വാലാലംപൂര്‍: തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടി മഹാതീര്‍ മുഹമ്മദ് മലേസ്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ അതു രാജ്യത്തിനകത്തും പുറത്തും പുതിയ ചരിത്രമെഴുതി. 15 വര്‍ഷത്തിന് ശേഷം, 92ാം വയസ്സിലാണ് വീണ്ടും ഇദ്ദേഹം അധികാരത്തിലെത്തിയത്.
മലേസ്യയുടെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍  ബാരിസന്‍ നാഷനല്‍ (ബിഎന്‍) എന്ന ഒരൊറ്റ മുന്നണിയേ അധികാരത്തില്‍ എത്തിയിരുന്നുള്ളൂ. ആ കുത്തക തകര്‍ത്താണു മഹാതീര്‍ അധികാരത്തിലെത്തിയത്.  നാജിബ് റസാഖിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവുമാണു മഹാതീറിനു തുണയായത്. ബിഎന്‍ സഖ്യത്തിന്റെ അനിഷേധ്യ നേതാവായിരുന്നു മഹാതീര്‍ മുഹമ്മദ്. സഖ്യം രൂപീകരിക്കുന്ന കാലം മുതലേ അദ്ദേഹം ഇതിന്റെ ഭാഗമായി.
1981ല്‍ അധികാരത്തിലേറിയ മഹാതീര്‍ മുഹമ്മദ്, മലേസ്യയെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. എന്നാല്‍ ഏകാധിപത്യ പ്രവണതയും ഉപപ്രധാനമന്ത്രിയായിരുന്ന അന്‍വന്‍ ഇബ്രാഹീമിനെ അഴിമതി ക്കേസില്‍ കുടുക്കിയതോടെയും ജനപ്രീതി ഇടിയാന്‍ കാരണമായി. 1998ലായിരുന്നു  അന്‍വര്‍ ഇബ്രാഹീമിനെ അഴിമതിക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത്. 2003ലാണു മഹാതീര്‍ മുഹമ്മദ് അധികാരം ഒഴിയുന്നത്. അതിനു ശേഷം അബ്ദുല്ല അഹ്മദ് ബദാവി പ്രധാനമന്ത്രിയായി. 2008 ല്‍ നജീബ് റസാഖും. നജീബ് റസാഖിന്റെ പ്രധാന ഉപദേശകനായിരുന്നു മഹാതീര്‍ മുഹമ്മദ്.
ഐഎംഡിബി അഴിമതിക്കേസിനെ തുടര്‍ന്നാണു മഹാതീര്‍, നജീബില്‍ നിന്ന് അകന്നത്്. നിശ്ശബ്ദനായിരുന്ന മഹാതീര്‍ റസാഖിനെതിരേ ജനവികാരം ഉയരുന്നതോടെ അതിനെ ഏകോപിപ്പിച്ചു കൊണ്ട് രംഗപ്രവേശം ചെയ്യുകയായിരുന്നു. 2016ല്‍ മലേസ്യന്‍ യുനൈറ്റഡ് ഇന്‍ഡീജിനിയസ് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചു. ഈ പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് പിന്നീട് പകാത്തന്‍ ഹാരപന്‍ എന്ന മുന്നണി രൂപീകരിച്ചത്്.
അന്‍വര്‍ ഇബ്രാഹീമിന്റെ ഭാര്യ വാന്‍ അസീസയും പാര്‍ട്ടിയും മഹാതീറിനൊപ്പം സഖ്യത്തിലുണ്ട്. സഖ്യത്തില്‍ ഉപപ്രധാനമന്ത്രിയാണു വാന്‍ അസീസ. നാലു പാര്‍ട്ടികള്‍ ചേര്‍ന്നുള്ള പുതിയ സഖ്യത്തെ മുന്നോട്ടുകൊണ്ടു പോവലും ജയിലില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹീമിന് അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പതയൊരുക്കലും മഹാതീര്‍ മുഹമ്മദിന്  കനത്ത വെല്ലുവിളിയാവും. ഇന്ത്യന്‍, ചൈനീസ് വംശജരായ ന്യൂനപക്ഷത്തിന്റെ വോട്ടുകള്‍ മഹാതീറിനു തുണയായെന്നാണു വിലയിരുത്തല്‍.
അഴിമതിക്കേസില്‍ നജീബിനെ മലേസ്യന്‍ അറ്റോര്‍ണി ജനറല്‍ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും ജനം അതംഗീകരിച്ചില്ലെന്നാണു തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്്. താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ കേസ് പുനരന്വേഷണം നടത്തുമെന്നും അഴിമതി പ്പണം തിരിച്ചുപിടിക്കുമെന്നും മഹാതീര്‍ വാഗ്ദാനം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it