Flash News

മഹാകവി വള്ളത്തോളിന്റെ 'മലയാളത്തിന്റെ തല' കവിത കഥകളിയായി അരങ്ങില്‍



ചെറുതുരുത്തി: കേരള കലാമണ്ഡലം കഥകളി വടക്കന്‍ വിഭാഗം, മഹാകവി വള്ളത്തോളിന്റെ 'മലയാളത്തിന്റെ തല' എന്ന കവിത കഥകളിയായി അവതരിപ്പിക്കും. കലാമണ്ഡലത്തില്‍ മലയാള ദിനാചരണത്തോട് അനുബന്ധിച്ച് നാളെ വൈകീട്ട് ആറിന് കൂത്തമ്പലത്തിലാണ് അവതരണം. മലയാളത്തിന്റെയും കേരളത്തിന്റെയും അഭിമാനമായ വേദാന്താചാര്യന്‍ ശങ്കരാചാര്യര്‍ ശൈവപാശുപതനായ സന്ന്യാസിക്കു മോക്ഷം കിട്ടാന്‍ വേണ്ടി സ്വന്തം തല വെട്ടി ഹോമിക്കാന്‍ അനുവദിക്കുന്നതും ശിഷ്യനായ പത്മപാദര്‍ ഉടന്‍ തന്നില്‍ നരസിംഹം ആവേശിച്ചു പാശുപതനെ കൊന്നു ശങ്കരാചാര്യരെ രക്ഷിക്കുന്നതുമായ കഥാ ഭാഗമാണു കവിതയുടെ പ്രതിപാദ്യം. കവിതയിലെ തന്നെ ഈരടികളും ആവശ്യാനുസരണം കഥകളി ചിട്ടയ്ക്കനുസരിച്ച് സംസ്‌കൃതത്തിലുള്ള അവതരണ ശ്ലോകങ്ങളും പദങ്ങളും കൂട്ടിച്ചേര്‍ത്താണ് ഇതിന്റെ രംഗാവതരണം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശങ്കരാചാര്യന്‍, ശിഷ്യന്‍ പത്മപാദര്‍ (മിനുക്കുവേഷങ്ങള്‍), പാശുപതന്‍ (ചുവന്ന താടിയും ശൈവപാശുപാത സന്ന്യാസിവേഷവും), നരസിംഹം വേഷങ്ങളാണു രംഗത്തു വരിക. കലാമണ്ഡലത്തിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണു കഥകളി അരങ്ങിലെത്തിക്കുന്നത്. പത്മശ്രീ കലാമണ്ഡലം ഗോപി, വിസിറ്റിങ് പ്രഫ. എം പി എസ് നമ്പൂതിരി, കഥകളി വടക്കന്‍ വിഭാഗം അധ്യക്ഷന്‍ കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, അക്കാദമിക്ക് ഡയറക്ടര്‍ ഡോ. സി എം നിലകണ്ഠന്‍, രജിസ്ട്രാര്‍ ഡോ. കെ കെ സുന്ദരശേന്‍ എന്നിവര്‍ ചിട്ടപ്പെടുത്തലുകള്‍ക്കും ചൊല്ലിയാട്ടത്തിനും നേതൃത്വം കൊടുത്തു.
Next Story

RELATED STORIES

Share it