മസൂദ് അസ്ഹര്‍: പാര്‍ലമെന്റ് ആക്രമണത്തിലെ ആസൂത്രകന്‍

ഇസ്‌ലാമാബാദ്: 2001ലെ പാര്‍ലമെന്റ് ആക്രമണ പദ്ധതിയുടെ ആസൂത്രകന്‍ ജയ്‌ശെ മുഹമ്മദ് മേധാവിയായ മൗലാനാ മസൂദ് അസ്ഹര്‍ ആണെന്നാണ് ഇന്ത്യയുടെ ആരോപണം. പാര്‍ലമെന്റ് മന്ദിരത്തില്‍ നുഴഞ്ഞുകയറി നടത്തിയ വെടിവയ്പില്‍ ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്. അക്രമി സംഘത്തിലെ അഞ്ചു പേരും അന്നു കൊല്ലപ്പെട്ടു. അന്ന് അസ്ഹറിനെ കൈമാറാമെന്ന ഇന്ത്യന്‍ ആവശ്യം പാകിസ്താന്‍ നിരാകരിച്ചിരുന്നു. ഈ മാസാദ്യം നടന്ന പത്താന്‍കോട്ട് ആക്രമണത്തിനു പിന്നില്‍ അസ്ഹറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു.
വ്യാജ പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര നടത്തിയതിന് 1994ല്‍ കശ്മീരില്‍ അസ്ഹര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തുടര്‍ന്ന്, ദക്ഷിണ അഫ്ഗാനിലെ കാണ്ഡഹാറിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിക്കൊണ്ടുപോയപ്പോള്‍ വിമാനത്തിലുണ്ടായിരുന്ന 155 യാത്രക്കാരെ മോചിപ്പിക്കുന്നതിനായി 1999ല്‍ അസ്ഹറിനെയും മറ്റു രണ്ടു പേരെയും ഇന്ത്യക്ക് വിട്ടയക്കേണ്ടി വന്നു. മോചിപ്പിക്കപ്പെട്ട ശേഷം കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തോടു യുദ്ധം ചെയ്യുന്നതിനായി അസ്ഹര്‍ ജയ്‌ശെയ്ക്ക് രൂപം നല്‍കി. ജയ്‌ശെ പോലുള്ള സായുധസംഘങ്ങളുമായി പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന് (ഐഎസ്‌ഐ) ബന്ധമുണ്ടെന്ന് ഇന്ത്യ നിരന്തരം ആരോപിക്കാറുണ്ട്.
പാര്‍ലമെന്റ് ആക്രമണത്തിനു ശേഷം പാകിസ്താന്‍ അസ്ഹറിനെ ഒരു വര്‍ഷത്തേക്ക് തടവില്‍ പാര്‍പ്പിച്ചെങ്കിലും ഔദ്യോഗികമായി കുറ്റങ്ങളൊന്നും ചുമത്തിയിരുന്നില്ല. പാക് പഞ്ചാബ് പ്രവിശ്യയിലെ ബവല്‍പൂരാണ് അസ്ഹറിന്റെ ജന്മനഗരം.
Next Story

RELATED STORIES

Share it