മസില്‍ പവര്‍ രാഷ്ട്രീയം അനുവദിക്കില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍; ജില്ലയില്‍ അഞ്ച് നിരീക്ഷകര്‍ വീതം

ന്യൂഡല്‍ഹി: വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതു തടയുകയും ചെയ്യുന്ന'മസില്‍ പവര്‍'രാഷ്ട്രീയത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനര്‍ നസീം സെയ്ദി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്തുന്നതിനു ശക്തമായ നടപടികളാണ് ഇത്തവണ സ്വീകരിക്കുന്നത്. ബംഗാളിലെയും അസമിലെയും എല്ലാ പോളിങ് ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കും. പണം നല്‍കിയുള്ള വാര്‍ത്തകള്‍ കര്‍ശനമായി നിരീക്ഷിക്കും. പരാതികള്‍ അറിയിക്കാനും അവ പരിഹരിക്കാനും സൈബര്‍ സെല്ല് ഉള്‍പ്പെടെയുള്ള വിപുലമായ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.
വോട്ടര്‍മാരുടെ നിഷേധ വോട്ടായ നോട്ടയ്ക്ക് പ്രത്യേക ചിഹ്നം ഏര്‍പ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥികളുടെ പേരുള്ള ഒരു പേപ്പറിന് കുറുകെയായി ക്രോസ് അടയാളപ്പെടുത്തിയതാണ് നോട്ടയുടെ ചിഹ്നം. നേരത്തെ നോട്ടയുടെ സ്ഥാനത്ത് നോട്ട' എന്ന് എഴുതുകയായിരുന്നു. കേന്ദ്രസേനയെ നിശ്ചയിക്കുന്നതും വിന്യസിക്കുന്നതും കമ്മീഷനായിരിക്കും. ഓരോ ജില്ലയിലും അഞ്ച് കേന്ദ്രനിരീക്ഷകരെ വീതം അനുവദിക്കും.
നിരീക്ഷണവാഹനങ്ങളില്‍ ജിപിഎസ് സംവിധാനവും ഉണ്ടാവും. അസമില്‍ 1,98,66,496ഉം തമിഴ്‌നാട്ടില്‍ 5,79,15,075ഉം പശ്ചിമബംഗാളില്‍ 6,55,46,101ഉം പുതുച്ചേരിയില്‍ 9,27,034ഉം വോട്ടര്‍മാരാണുള്ളത്. അസമില്‍ 24,888ഉം കേരളത്തില്‍ 21,498ഉം തമിഴ്‌നാട്ടില്‍ 65,616ഉം പശ്ചിമബംഗാളില്‍ 77,247ഉം പുതുച്ചേരിയില്‍ 913ഉം പോളിങ് ബൂത്തുകളുമുണ്ട്. വോട്ടെടുപ്പ് തിയ്യതിയുടെ 10 ദിവസം മുമ്പ് വരെ ഇത്തവണ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടാവും.
ഫോട്ടോയടങ്ങിയ വോട്ടര്‍ സ്ലിപ്പുകള്‍ വോട്ടര്‍മാര്‍ക്കു വിതരണം ചെയ്യാനുള്ള സംവിധാനവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആവശ്യമുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായി പോളിങ് സ്‌റ്റേഷനുകള്‍ ഒരുക്കും. ഭിന്നശേഷിയുള്ളവരുടെ സൗകര്യം കണക്കിലെടുത്ത് പോളിങ് സ്‌റ്റേഷനുകള്‍ കെട്ടിടങ്ങളുടെ താഴത്തെ നിലയില്‍ തന്നെയായിരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് ക്യൂ നില്‍ക്കാതെതന്നെ വോട്ടുരേഖപ്പെടുത്താനുള്ള അവസരമുണ്ടാവും. വോട്ടിങ് മെഷീനില്‍ ഏറ്റവും താഴെയാവും നോട്ട സ്ഥാനംപിടിക്കുക. വോട്ടിങ് മെഷീനില്‍ ഉള്‍പ്പെടുത്തുന്നതിനായി സ്ഥാനാര്‍ഥികള്‍ അടുത്ത കാലത്തെടുത്ത സ്റ്റാംപ് സൈസ് ഫോട്ടോ റിട്ടേണിങ് ഓഫിസര്‍ക്ക് നല്‍കണം.
Next Story

RELATED STORIES

Share it