സര്‍വകലാശാലകളുടെ ന്യൂനപക്ഷ പദവി സംരക്ഷണം;എട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നു

ന്യൂഡല്‍ഹി: അലിഗഡ്, ജാമിഅ മിലിയ്യ ഇസ്‌ലാമിയ സര്‍വകലാശാലകളുടെ ന്യൂനപക്ഷപദവി എടുത്തുകളയാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും അടക്കമുള്ള എട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ത്തു.
പ്രമോദ് തിവാരി (കോണ്‍ഗ്രസ് ) കെ സി ത്യാഗി (ജെഡിയു), സുഖേന്തു ശേഖര്‍ റോയ് (തൃണമൂല്‍ കോണ്‍ഗ്രസ്), സി പി ത്രിപാഠി (എന്‍സിപി), ഡി രാജ (സിപിഐ), ജയപ്രകാശ് യാദവ് (ആര്‍ജെഡി), ഭഗവന്ത് മാന്‍ (എഎപി), ഋതബ്രത ബാനര്‍ജി (സിപിഎം) എന്നീ എംപിമാരാണ് ഇതു സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. രണ്ടു സര്‍വകലാശാലകളും ന്യൂനപക്ഷ സ്ഥാപനങ്ങളല്ലെന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയുടെ പ്രസ്താവനയെ എംപിമാര്‍ അപലപിച്ചു.
വിഷയത്തില്‍ പാര്‍ട്ടികള്‍ ഒപ്പുശേഖരണം നടത്തും. രാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രശ്‌നത്തി ല്‍ ഇടപെടാന്‍ ആവശ്യപ്പെടും. പാര്‍ലമെന്റിന്റെ അടുത്ത ബജറ്റ് സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. ജാമിഅ മിലിയ്യ ഇസ്‌ലാമിയ സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്നാണ് അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിനെ അറിയിച്ചത്.
അലിഗഡ് മുസ്‌ലിം സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നല്‍കാന്‍ പാര്‍ലമെന്റ് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് അതിന് മുമ്പ് അദ്ദേഹം സുപ്രിംകോടതിയിലും പറഞ്ഞിരുന്നു.
അലിഗഡ് മുസ്‌ലിം സര്‍വകലാശാല സാങ്കേതികമായി ന്യൂനപക്ഷ സ്ഥാപനമല്ലെന്ന 1967 ലെ സുപ്രിംകോടതിയുടെ പരാമര്‍ശം ഉദ്ധരിച്ചുകൊണ്ടാണ് മാനവശേഷി വികസന മന്ത്രാലയത്തെ റോഹ്തഗി ഇക്കാര്യം അറിയിച്ചത്. ജാമിഅ മിലിയ്യ ഇസ്‌ലാമിയ സ ര്‍വകലാശാലയ്ക്കും ഇത് ബാധകമാണെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യ എന്ന ആശയത്തെ അട്ടിമറിക്കാനുള്ള ഒളിയജണ്ട തുറന്നു കാണിക്കാന്‍ എംപിമാര്‍ ബുദ്ധിജീവികളോടും പൗരസമൂഹത്തോടും അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it