Cricket

മഴ ഭാഗ്യം തുണച്ചു; വിന്‍ഡീസിന് ലോകകപ്പ് യോഗ്യത

മഴ ഭാഗ്യം തുണച്ചു; വിന്‍ഡീസിന് ലോകകപ്പ് യോഗ്യത
X

ഹരാരെ: ലോകകപ്പ് യോഗ്യതയിലെ സൂപ്പര്‍ സിക്‌സിലെ അവസാന മല്‍സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ മഴചതിച്ചപ്പോള്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന് അഞ്ച് റണ്‍സ് ജയം. ആദ്യം ബാറ്റ്‌ചെയ്ത വിന്‍ഡീസിനെ സ്‌കോട്ടിഷ് ബൗളര്‍മാര്‍ 198 റണ്‍സില്‍ എറിഞ്ഞൊതുക്കിയപ്പോള്‍ സ്‌കോട്ട്‌ലന്‍ഡിന്റെ മറുപടി ബാറ്റിങിനിടെ മഴ പെയ്തതോടെ വിജയലക്ഷ്യം 35.2 ഓവറില്‍ 131 എന്ന റണ്‍സായി ചുരുക്കി. എന്നാല്‍ സ്‌കോട്ട്‌ലന്‍ഡിന് നിശ്ചിത ഓവറില്‍ 125 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ച് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയ വിന്‍ഡീസ് ലോകകപ്പിന് യോഗ്യത നേടുകയായിരുന്നു. പരാജയപ്പെട്ടാല്‍ ലോകകപ്പ് യോഗ്യത ഏറെക്കുറേ നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ നിന്നാണ് ലോകകപ്പിന്റെ പ്രാരംഭത്തില്‍ രണ്ട് കിരീടങ്ങള്‍ സ്വന്തമാക്കിയ വിന്‍ഡീസിന് മഴതുണയായെത്തിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ സ്‌കോട്ടിഷ് ബൗളര്‍മാരായ സഫിയാന്‍ ഷരീഫും വീലും ചേര്‍ന്ന് മൂന്ന് വിക്കറ്റ് വീതവും ലീസ്‌ക് രണ്ട് വിക്കറ്റും പിഴുത് കുറഞ്ഞ റണ്ണിലേക്ക് തള്ളിവിടുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി എവിന്‍ ലൂയിസ്(66) ടോപ്‌സ്‌കോററായപ്പോള്‍ മര്‍ലോന്‍ സാമുവല്‍സ് 51 റണ്‍സുമായി തിളങ്ങി. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സ്‌കോട്ട്‌ലന്‍ഡ് നിരയില്‍ എല്ലാവരും നിരാശ നല്‍കിയപ്പോള്‍ മധ്യ നിരയില്‍ ബെറിങ്ടനും(33) മുന്‍സിയും(32*) ചേര്‍ന്ന് സ്‌കോട്ട്‌ലന്‍ഡിനെ വിജയത്തിലേക്ക് നയിക്കവെ 35.2 ഓവറില്‍ അവര്‍ അഞ്ച് വിക്കറ്റിന് 125 റണ്‍സില്‍ നില്‍ക്കുമ്പോള്‍ മഴവില്ലനാവുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി കിമാര്‍ റോച്ച്, ആഷ്‌ലി നഴ്‌സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
Next Story

RELATED STORIES

Share it