kozhikode local

മഴ തിമിര്‍ത്തു പെയ്തു; ഓടകള്‍ ശുചീകരിക്കാത്തതിനാല്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്

വടകര : കാലവര്‍ഷം ആരംഭത്തില്‍ തന്നെ തിമിര്‍ത്തപ്പോള്‍ നഗരസഭയുടെ അനാസ്ഥ കാരണം നഗരത്തിലെ പല പ്രദേശങ്ങളിലു വെള്ളക്കെട്ട് രൂപപ്പെട്ടു. രണ്ട് ദിവസമായി വൈകുന്നേരത്തോടെ തുടങ്ങുന്ന മഴ രാത്രി വൈകിയാണ് അവസാനിക്കുന്നത്. ഇന്നലെ വൈകുന്നേരം 5മണിയോടെ ആരംഭിച്ച കനത്ത മഴയിലാണ് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്.
പുതിയ ബസ്സ്സ്റ്റാന്റിലെ ബസ് പ്രവേശന ഭാഗം, പഴയ ശ്രീമണി ബാര്‍ ബില്‍ഡിംഗിന് മുന്‍വശം, ലിങ്ക് റോഡ്, താഴെഅങ്ങാടിയിലെ കോതിബസാര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഴ ആരംഭത്തില്‍ തന്നെ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്. മഴയുടെ ആരംഭത്തില്‍ തന്നെ ഇങ്ങനെയാണെങ്കില്‍ തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളില്‍ എന്തായിരിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ടൗണുകളിലെ വിവിധ സ്ഥലങ്ങളിലെ ഓടകള്‍ വൃത്തിയാക്കത്തതിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മഴയിലും പുതിയ ബസ്സ് സ്റ്റാന്റിന് സമീപത്തെ അതേ കാഴ്ചതന്നെയാണ് ഇത്തവണയും വന്നിരിക്കുന്നത്. മഴക്കാലപൂര്‍വ്വ ശുചീരകരണം നടത്താന്‍ വേണ്ടി വ്യാപകമായി ആവശ്യം ഉയര്‍ന്നിട്ടും നഗരസഭ അധികൃതര്‍ ഗൗനിച്ചില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം നാളെയാണ് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കാന്‍ വേണ്ടി നഗരസഭ സെക്രട്ടറി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. വടകരയിലെ ഇത്തരം പ്രശ്‌നങ്ങള്‍ നിരവധി തവണം നാട്ടുകാര്‍ ആവശ്യപ്പെട്ടതിന് പുറമെ പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അധികൃതര്‍ കാണിച്ച അനാസ്ഥയില്‍ വലയുന്നത് ജനങ്ങളാണ്.
Next Story

RELATED STORIES

Share it