മഴ; തമിഴ്‌നാട്ടില്‍ മരണം 71 ആയി

ചെന്നൈ: മൂന്നു ദിവസമായി തുടരുന്ന പേമാരിയില്‍ തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 71 ആയി. തമിഴ്‌നാട്, പുതുശ്ശേരി, ആന്ധ്രപ്രദേശ് തീരങ്ങളില്‍ അടുത്ത ദിവസങ്ങളിലും മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. പേമാരിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് 500 കോടിയുടെ ദുരിതാശ്വാസ സഹായം മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചു. പേമാരിയില്‍പ്പെട്ട് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള സഹായം രണ്ടരലക്ഷത്തില്‍നിന്ന് നാലു ലക്ഷമാക്കി ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കന്നുകാലികളെയും മറ്റും നഷ്ടപ്പെട്ടവര്‍ക്കും സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിനിടെ, ദുരിതബാധിതപ്രദേശങ്ങളില്‍ ദേശീയ ദുരിത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ആര്‍ക്കോണം, ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ക്യാംപുകളില്‍നിന്നാണ് സേനയെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് അയച്ചതെന്ന് ഡയറക്ടര്‍ ജനറല്‍ ഒ പി സിങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 70 ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയതായും 58,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായും അധികൃതര്‍ അറിയിച്ചു. കന്നുകാലികള്‍ക്ക് 121 അഭയകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുകയും സൗജന്യമായി കന്നുകാലിത്തീറ്റകള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അഡയാര്‍ നദിയില്‍ ക്രമാതീതമായി വെള്ളം പൊങ്ങുന്നതിനാല്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറണമെന്ന് ചെന്നൈ കലക്ടര്‍ എ സുന്ദരവല്ലി ആവശ്യപ്പെട്ടു. 10,000ഓളം വരുന്ന മല്‍സ്യത്തൊഴിലാളികള്‍ മൂന്നു ദിവസമായി കടലില്‍ പോവാന്‍ കഴിയാതെ ദുരിതത്തിലാണ്. മുതിര്‍ന്ന ഐഎഎസ് ഓഫിസര്‍ ശിവദാസ് മീണയെ പ്രളയനിരീക്ഷണ ഉദ്യോഗസ്ഥനായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. അതിനിടെ കോയമ്പത്തൂരിലെ ബിഗ്ബസാര്‍ പ്രദേശത്തെ 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം തിങ്കളാഴ്ച നിലംപതിച്ചു. ആളപായമില്ല. പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചുചേര്‍ത്തു. ചില പ്രളയബാധിത സ്ഥലങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു. ജനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് അവര്‍ അറിയിച്ചു. കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് മുന്‍കരുതലായി 12 ചുഴലിക്കാറ്റ് സുരക്ഷാകേന്ദ്രങ്ങള്‍ തയ്യാറാക്കിയതായി അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it