malappuram local

മഴ; ജില്ലയില്‍ ഇതുവരെ 12.2 കോടിയുടെ നാശനഷ്ടം

മലപ്പുറം: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 12.2 കോടിയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കഴിഞ്ഞ മെയ് 29ന് കാലവര്‍ഷം തുടങ്ങിയതു മുതല്‍ ക്യഷിക്കും വീടുകള്‍ക്കും മാത്രം സംഭവിച്ച നഷ്ടത്തിന്റെ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും മാത്രം 35.62 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. കാലവര്‍ഷം മുഴുവന്‍ വില്ലേജുകളെയും ബാധിച്ചിട്ടുണ്ട്. 10 വീടുകള്‍ പൂര്‍ണമായും 177 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇവയ്ക്ക് യഥാക്രമം 9.5 ലക്ഷവും 71.15 ലക്ഷവും നഷ്ടം കണക്കാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 വീടുകള്‍ക്ക് ഭാഗികമായി തകര്‍ച്ച സംഭവിച്ചു. ഇവയ്ക്ക് 8.75 ലക്ഷം നഷ്ടം കണക്കാക്കുന്നു. തിരൂര്‍(13), പൊന്നാനി (11), തിരൂരങ്ങാടി (1), പെരിന്തല്‍മണ്ണ (2), നിലമ്പൂര്‍ (5), കൊണ്ടോട്ടി (6), എറനാട് (2) എന്നിവടങ്ങിലാണ് വീടിന് നാശ നഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം ഒരു കുട്ടി മുങ്ങിമരിച്ചത് ഉള്‍പ്പെടെ ഇതുവരെ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കാര്‍ഷിക രംഗത്തുണ്ടായ നാശം 11.39 കോടി രൂപയാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ ജൂലൈ 11 വരെയുള്ള കണക്കാണിത്. 730.12 ഹെക്ടര്‍ പ്രദേശത്തെ 3,300 കര്‍ഷകരെ കാലവര്‍ഷം ബാധിച്ചു. 1,492 തെങ്ങുകളും 20 തെങ്ങിന്‍ തൈകളും നശിച്ചു. ഇവയ്ക്ക് 30 ലക്ഷം നഷ്ടം കണക്കാക്കുന്നു. കുലച്ച 3,40,094 വാഴകളും കുലക്കാത്ത 1,24,389 വാഴക്കന്നുകളും നശിച്ചിട്ടുണ്ട്. ഇവയ്ക്ക് 872.59 ലക്ഷം നഷ്ടം കണക്കാക്കി. 4,543 കവുങ്ങുകളും 275 തൈകളും നശിച്ചു. 28.26 ലക്ഷം നഷ്ടമുണ്ടായി. 51.48 ഹെക്ടര്‍ പ്രദേശത്തെ വെറ്റില ക്യഷിയെ ബാധിച്ചു.
61.77 ലക്ഷം നഷ്ടമുണ്ടായി. 4,733 വെട്ടുന്ന റബറും 470 വെട്ടാത്ത റബറും നശിച്ചു. ഇവയുടെ നഷ്ടം 49.68 ലക്ഷമാണ്. 1,280 കായ്ക്കുന്ന കുരുമുളകും നശിച്ചിട്ടുണ്ട്. 2.56 ലക്ഷം നഷ്ടമുണ്ടായി. 197.3 ഹെക്ടര്‍ പ്രദേശത്തെ നെല്ല് പൂര്‍ണമായും നശിച്ചു. 39.46 ലക്ഷം നഷ്ടം കണക്കാക്കുന്നു. 194.4 ഹെക്ടര്‍ പ്രദേശത്തെ മരച്ചീനിയും നശിച്ചു. 38.8 ലക്ഷമാണ് നഷ്ടം. 62.2 ഹെക്ടര്‍ പ്രദേശത്തെ പച്ചക്കറിയും നശിച്ചു. 15.55 ലക്ഷം നഷ്ടം കണക്കാക്കി.
കഴിഞ്ഞ മെയ് 29ന് തുടങ്ങിയ കാലവര്‍ഷത്തില്‍ ഇതുവരെ പെയ്തത് 940 മില്ലി മീറ്റര്‍ മഴയാണന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം പെയ്തത് 54.13 മില്ലിമീറ്റര്‍ മഴയാണ്.
2017 വര്‍ഷത്തില്‍ മെയ് 30ന് തുടങ്ങിയ കാലവര്‍ഷത്തില്‍ ഇതുവരെയുള്ള ദിവസങ്ങളില്‍ പെയ്തത് 840.37 മില്ലി മീറ്റര്‍ മഴയാണ്.
Next Story

RELATED STORIES

Share it