malappuram local

മഴ കനത്തു; ഭീതിയോടെ മലയോരം

കാളികാവ്/എടക്കര/അകമ്പാടം: മൂന്നു ദിവസമായി തുടരുന്ന മഴയില്‍ മലയോരം ഭീതിയില്‍. മലവാരത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതാണ് ആശങ്കയുവാക്കുന്നത്. മലയോരത്തോട് ചേര്‍ന്ന് നൂറുകണക്കിന് കുംബങ്ങളാണ് കഴിയുന്നത്. അതിവര്‍ഷമുണ്ടായാല്‍ മൂന്നിടങ്ങളിലെങ്കിലും ഉരുള്‍പൊട്ടലുണ്ടാവാറുണ്ട്. മഴയോടൊപ്പം കാറ്റും വീശുന്നത് വലിയ ക്യഷിനാശവുമുണ്ടാക്കുന്നുണ്ട്. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി, ഗതാഗതം എന്നിവ തടസപ്പെട്ടു. മൂന്ന് ദിവസമായിട്ട് കാളികാവ് സെക്്ഷന്‍ പരിധിയില്‍ മിക്കയിടങ്ങളിലും വൈദ്യുതിയില്ല. കോട്ടപ്പുഴയും പരിയങ്ങാട് പുഴയും കരകവിഞ്ഞൊഴുകുകയാണ്.
പൂക്കോട്ടുംപാടം മൂച്ചിക്കുണ്ട് പാലം പരിയങ്ങാട് ചെറിയപാലം എന്നിവ വെള്ളത്തിനടിയിലായി. മഴ കനത്തതോടെ മലയോര മേഖലയിലെ ഗ്രാമീണ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ മേഖലയിലെ പുഴകളിലും ജലനിരപ്പ് ഉയര്‍ന്നു. നാരോക്കാവ് ടൗണ്‍, മരുത ടൗണ്‍, എടക്കര ടൗണ്‍ എന്നീ പ്രധാന റോഡുകളിലും ഉള്‍ഗ്രാമങ്ങളിലെ റോഡുകളിലുമാണ് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുന്നത്. മരുതയിലും നാരോക്കാവിലുമുള്ള വെള്ളക്കെട്ട് റോഡിന്റെ വശങ്ങളിലുള്ള വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ദുരിതമായിരിക്കുകയാണ്. മഴ വെള്ളം ഒഴുകിപ്പോവാന്‍ സംവിധാനമില്ലാത്തതാണ് ഇവിടെങ്ങളിലെ വെള്ളക്കെട്ടിന് കാരണം. അതിര്‍ത്തി വനത്തില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നത്.
മുണ്ടേരി വനത്തില്‍നിന്ന് ഉദ്ഭവിക്കുന്ന ചാലിയാര്‍, നീര്‍പ്പുഴ, മരുത വനത്തില്‍നിന്ന് ഉല്‍ഭവിക്കുന്ന കലക്കന്‍പുഴ, പുന്നപ്പുഴ, കാരാടന്‍പുഴ, കാരക്കോടന്‍ പുഴ എന്നിവയെല്ലാം സജീവമായി. പുന്നപ്പുഴക്ക് കുറുകെ മുപ്പിനി, മുട്ടിക്കടവ് എന്നിവിടങ്ങളിലുള്ള കോസ്വെക്ക് മുകളിലൂടെയാണ് വെള്ളം ഒഴുകിയത്. ചൊവ്വാഴ്ച വൈകീട്ട് മഴയോടൊപ്പം ശക്തമായ ഇടിയും ഉണ്ടായിരുന്നു.
കാറ്റും മഴയും കനത്തതോടെ ചാലിയാര്‍ പഞ്ചായത്തിലെ മലയോര ഗ്രാമങ്ങള്‍ ഇരുട്ടിലായിട്ട് അഞ്ചു ദിവസങ്ങള്‍. വെണ്ടേക്കുംപൊയില്‍, തോട്ടപ്പള്ളി, വാളാംതോട്, നായാടംപൊയില്‍ ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. രണ്ടു ദിവസം മുമ്പ് വാളംതോട് ടൗണില്‍ രണ്ടുമണിക്കൂര്‍ നേരത്തേയ്ക്ക് വൈദ്യുതി വന്നെങ്കിലും പിന്നീട് പഴയപടിയാവുകയായിരുന്നു.
Next Story

RELATED STORIES

Share it