kasaragod local

മഴ ആരംഭിച്ചു; കാസര്‍കോട്ട് അപ്രഖ്യാപിത പവര്‍കട്ട്



കാസര്‍കോട്: മഴക്കാലം ആരംഭിച്ചതോടെ കാസര്‍കോട്ടും പരിസരങ്ങളിലും വൈദ്യുതി മുടക്കം പതിവായി. പകല്‍ അഞ്ചും ആറും മണിക്കൂര്‍ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. അറ്റകുറ്റപണിയുടെ പേരില്‍ ആഴ്ചയില്‍ രണ്ടും മൂന്നും തവണ എട്ട് മണിക്കൂറിലധികം ഓഫാക്കുന്നതിന് പുറമേയാണ് അപ്രഖ്യാപിത പവര്‍കട്ട്. കാറ്റോ മഴയോ വന്നാല്‍ നഗരപ്രദേശത്ത് പോലും വൈദ്യുതി മുടങ്ങുന്നത് പതിവാണ്. വൈദ്യുതി പോയാല്‍ ഉപഭോക്താക്കള്‍ വൈദ്യുതി ഓഫിസില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും പരാതിയുണ്ട്. വൈദ്യുത ലൈനിലേക്ക് ചാഞ്ഞു കിടക്കുന്ന മരക്കൊമ്പുകള്‍ യഥാസമയം നീക്കം ചെയ്യാതിരുന്നതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമാകുന്നത്. നേരത്തെ മഴക്കാലത്തിന് മുമ്പായിരുന്നുന്നു മരങ്ങളുടെ ചില്ലകളും മറ്റും വെട്ടിമാറ്റിയിരുന്നത്. ഇത്തവണ നീക്കം ചെയ്തിട്ടില്ല.പല സ്ഥലങ്ങളിലും ഉപഭോക്തക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പേരിന് മാത്രം കഴിഞ്ഞയാഴ്ച ഭാഗികമായി നീക്കം ചെയ്യുകയായിരുന്നു. കാസര്‍കോട്, നെല്ലിക്കുന്ന്, ചെര്‍ക്കള, ബദിയടുക്ക, ഉപ്പള കെഎസ്ഇബി സബ്‌സ്‌റ്റേഷനുകളിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി വിതരണം മുടങ്ങുന്നത്. പല ഓഫിസുകളിലും ആവശ്യത്തിന് ലൈന്‍മാന്‍മാര്‍ ഇല്ലാത്തതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. മാത്രവുമല്ല തുരുമ്പെടുത്ത വാഹനങ്ങളാണ് പല ഇലക്ട്രിസിറ്റി ഓഫിസുകളിലുമുള്ളത്. അതുകൊണ്ട് തന്നെ തകരാറ് പരിഹരിക്കാന്‍ പെട്ടെന്ന് തന്നെ എത്താന്‍ കഴിയുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. എല്ലാ കെഎസ്ഇബി ഓഫിസുകളിലും താല്‍ക്കാലിക ജീവനക്കാരാണ് കൂടുതലുള്ളത്. റമദാന്‍ നാളുകളില്‍ നോമ്പ് തുറ സമയത്തും പുലര്‍ച്ചെ അത്താഴ സമയത്തും വൈദ്യുതി ബന്ധം മുടങ്ങുന്നത് വിശ്വാസികളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it