malappuram local

മഴവെള്ളം ശുദ്ധീകരിച്ച് കുപ്പിയിലാക്കി വിദ്യാര്‍ഥികള്‍

എടക്കര: മഴവെള്ളം ശുദ്ധീകരിച്ച് കുപ്പിവെള്ളം പുറത്തിറക്കുകയാണ് മൂത്തേടത്തെ വിദ്യാര്‍ഥികള്‍. മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാരാണ് മഴവെള്ളത്താല്‍ ദാഹജലമൊരുക്കി ജലസംരക്ഷണത്തിന്റെ പുത്തന്‍ മാതൃകയാവുന്നത്. മഴവെള്ളം പാഴാക്കിക്കളയാതെയും നിലം സ്പര്‍ശിച്ചു മലിനപ്പെടാതെയും ശേഖരിച്ചു ശുദ്ധീകരിച്ചാണ് വിദ്യാര്‍ഥികള്‍ ‘തനിമ’ എന്ന സ്വന്തം ബ്രാന്‍ഡില്‍ കുപ്പിവെള്ളം പുറത്തിറക്കുന്നത്. ജലം ജീവാമൃതമാണെന്നും ജീവന്റെ നിലനില്‍പ്പ് ജലസംരക്ഷണത്തിലൂടെ മാത്രമേ സാധ്യമാവൂ എന്നുമുള്ള തിരിച്ചറിവാണ് ഇങ്ങനെയൊരു വേറിട്ട മാതൃക തിരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.
ഇങ്ങനെ തയ്യാറാക്കിയ കുടിവെള്ളം സര്‍ക്കാര്‍ ആശുപത്രിയിലെ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി എത്തിക്കുകയാണിവര്‍. ലാബില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതിനു ശേഷമാണ് വെള്ളം വിതരണത്തിനായി പുറത്തിറക്കിയിട്ടുള്ളത്. തനിമ കുടിവള്ളം പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഗതന്‍ നിര്‍വഹിച്ചു. മൂത്തേടം ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ സൈറാബാനു മുഖ്യസന്ദേശം നല്‍കി.

Next Story

RELATED STORIES

Share it