thrissur local

മഴയ്‌ക്കൊപ്പം ജില്ലയില്‍ പകര്‍ച്ചവ്യാധികളും വ്യാപകം



തൃശൂര്‍: മഴ ശക്തമായതോടെ ജില്ലയില്‍ പനി ബാധിച്ച് ചികില്‍സയ്‌ക്കെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ ദിവസം മാത്രം 1,305 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയത്. ഇവരില്‍ 15 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഓരോ ദിവസം കൂടുമ്പോഴും പകര്‍ച്ചപ്പനി ബാധിച്ച് ചികില്‍സയ്‌െക്കത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ മാസം ഒന്നിലേയും കഴിഞ്ഞ ദിവസത്തേയും കണക്കുകള്‍ താരതമ്യം ചെയ്താല്‍ ദിവസേനയുള്ള പനിബാധിതരുടെ എണ്ണത്തില്‍ രണ്ടാഴ്ച്ചയ്ക്കിടെ 130 ശതമാനത്തോളം വര്‍ധന ഉണ്ടായതായി മനസ്സിലാക്കാം.  628 പേര്‍ മാത്രമാണ് ഒന്നിനു ചികില്‍സ തേടിയെത്തിയതെങ്കില്‍ 12ന് 1479 പേരാണ് പനി ബാധിച്ച് ചികില്‍സ തേടി ആശുപത്രികളിലെത്തിയത്. ജനുവരി മുതല്‍ 11 പേര്‍ പനി ബാധിച്ചു മരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഒദ്യോഗികമായി നല്‍കുന്ന വിവരം. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാകാനാണ് സാധ്യത. പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഭവന സന്ദര്‍ശനം നടത്താനൊരുങ്ങുകയാണ് ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍. അതതു മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിലാവും സന്ദര്‍ശനം. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി അധികൃതര്‍ രംഗത്തു വന്നിട്ടുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് ദിനംപ്രതി വര്‍ധിക്കുന്ന പനിക്കണക്ക് സൂചിപ്പിക്കുന്നത്. നഗരത്തിലേയും പരിസര പ്രദേശത്തേയും ആശുപത്രികളില്‍ വാര്‍ഡില്‍ പോലും ബെഡ് കിട്ടാത്ത അവസ്ഥയാണ്. പനി ബാധിച്ചവരെ കൊണ്ട് ഒപിയും ഐപിയും നിറഞ്ഞിരിക്കുകയാണ്. അഡ്മിറ്റ് ചെയ്യേണ്ടവരെ പോലും പൂര്‍ണവിശ്രമം നിര്‍ദ്ദേശിച്ച് വീട്ടിലേക്ക് പറഞ്ഞയക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
Next Story

RELATED STORIES

Share it