Kollam Local

മഴയ്‌ക്കൊപ്പം കാറ്റ്; വ്യാപക കൃഷി നാശം

പത്തനാപുരം: വേനല്‍മഴയ്ക്കായി കാത്തിരുന്ന കര്‍ഷകര്‍ക്ക് കാറ്റും മഴയും സമ്മാനിച്ചത് പ്രഹരം. ഇന്നലെ മഴയ്ക്കാെപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ പിറവന്തൂര്‍ പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം സംഭവിച്ചു. പഞ്ചായത്തില്‍ കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ് ഭൂരിഭാഗവും.
പ്രകൃതിയുടെ താണ്ഡവത്തില്‍ വാഴ, മരച്ചീനി, വെറ്റില, റബ്ബര്‍, പയര്‍, പാവല്‍ എന്നിവ നിലം പരിശായി. പഞ്ചായത്തില്‍ കിഴക്കേഭാഗം, ചേകം, വാഴത്തോപ്പ് , കൊല്ലാല , അത്തിക്കല്‍, കടയ്ക്കാമണ്‍ ഭാഗങ്ങളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. ഭൂമി പാട്ടത്തിനെടുത്തും കൂട്ടുകൃഷി നടത്തിയ കുടംബശ്രീ യൂനിറ്റുകള്‍ക്കും മറ്റ് കര്‍ഷകര്‍ക്കും തിരിച്ചടിയായി. കാട്ടുമൃഗങ്ങളുടെ ശല്യവും കടുത്ത വേനലില്‍ വെള്ളം കിട്ടാതെയും ബുദ്ധിമുട്ടി കൃഷി നടത്തിയവര്‍ ഇനി എന്തുചെയ്യുമെന്നറിയാതെ വിഷമത്തിലാണ്. വിളവെടുക്കാറായ കൃഷികളാണ് നശിച്ചത്. കിഴക്കേഭാഗം കൈപ്പുഴ തെക്കേതില്‍ രവിയുടെ 90 കപ്പവാഴ, ചേകം ശശി നിവാസില്‍ സുജാത (അമ്പിളി)യുടെ 60 ഏത്തവാഴ, മരച്ചീനി, പാവല്‍, പടവലം എന്നിവയും, കോങ്കല്‍ രതീഷ് ഭവനില്‍ സത്യന്റെ 120 ഏത്തവാഴ, വെറ്റിലക്കൊടി എന്നിവയും. ചേകം കോങ്കല്ലില്‍ രമയുടെ 57 ഏത്തവാഴ, മരച്ചിനി, പാവല്‍ എന്നിവയും ഈട്ടിവിളയില്‍ സദാനന്ദന്റെ 85 കുടിവാഴകള്‍, വിജീഷ് ഭവനില്‍ വേലുവിന്റെ 45 ഏത്തവാഴകള്‍, കടയ്ക്കാമണ്‍ രഘുനാഥന്‍, മധുഭവനില്‍ തങ്കപ്പന്റെ 55 കുടിവാഴകള്‍ കാങ്ക്രാമണ്‍ പൊടിയന്റെ 35 ഏത്തവാഴ, പള്ളിപ്പാട്ട് ബേബിയുടെ 24 വാഴ , മരച്ചീനി തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിച്ചു. ഇവരെക്കൂടാതെ നിരവധി പേര്‍ക്ക് കൃഷി നാശം സംഭവിച്ചു. മുന്‍പ് പ്രകൃതിക്ഷോഭത്തിലും വന്യ മൃഗ ശല്യത്തിലും കൃഷിനാശം സംഭവിച്ചവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചിട്ടില്ലെന്നാക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it