Idukki local

മഴയ്‌ക്കൊപ്പം കാറ്റും; വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു

തൊടുപുഴ: തൊടുപുഴയിലും സമീപ മേഖലയിലും ഇന്നലെ വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെട്ടു. വൈകീട്ട് 5 മണിയോടെയാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. തൊടുപുഴ, വണ്ണപ്പുറം, കാളിയാര്‍, വണ്ടമറ്റം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, ഇടവെട്ടി എന്നിവിടങ്ങളിലാണ് മരങ്ങള്‍ ഒടിഞ്ഞുവീണത്. തൊടുപുഴ-വണ്ണപ്പുറം റോഡില്‍ മരങ്ങള്‍ വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടും.
വണ്ടമറ്റം ലൈബ്ര—റിക്ക് സമീപം കണ്ടത്തിന്‍കര കേശവന്റെ തേക്കുമരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കാളിയാര്‍ എസ്റ്റേറ്റിലെ റബര്‍ മരങ്ങളും നിലംപൊത്തി. മേഖലയില്‍ നിരവധി പേരുടെ റബര്‍, ആഞ്ഞിലി, പ്ലാവ് എന്നിവ ഒടിഞ്ഞുവീഴുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു. കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളിലും കനത്ത മഴ നാശം വിതച്ചു. തൊടുപുഴ നഗരത്തില്‍ ജ്യോതി സൂപ്പര്‍ ബസാറിനു സമീപം ഓട്ടോ സ്റ്റാന്റിനോട് ചേര്‍ന്നുനിന്ന തണല്‍ മരത്തിന്റെ ശിഖരം മഴയില്‍ ഒടിഞ്ഞു വീണു.
ഡോ. അബ്ദുല്‍ കലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ തണല്‍മരം വണ്‍വേ റോഡിലേക്ക് വീണ് ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. ഇടവെട്ടി ബാങ്ക് ജങ്ഷനില്‍ വൈദ്യുതി പോസ്റ്റിന് മുകളിലേക്ക് ആഞ്ഞിലിമരം ഒടിഞ്ഞ് വീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. ഇതേത്തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സും കെഎസ്ഇബി അധികൃതരും മരങ്ങള്‍ വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പലപ്രദേശങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു വരികയാണെന്നും താമസമുണ്ടാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it