Kollam Local

മഴയ്ക്ക് ശമനം: ജില്ലയില്‍ 57.21 ലക്ഷം രൂപയുടെ നാശനഷ്ടം

കൊല്ലം: കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ ഇതുവരെ 57.21 ലക്ഷം നാശനഷ്ടമുണ്ടായതായി ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികയേന്‍ അറിയിച്ചു. പ്രാഥമിക കണക്കുകള്‍ പ്രകാരം വീടുകള്‍ തകര്‍ന്നുണ്ടായത് 26.60 ലക്ഷം രൂപയുടെ നഷ്ടവും 30.25 ലക്ഷത്തിന്റെ കൃഷി നാശവുമാണ്. കിണര്‍ ഇടിഞ്ഞു താഴ്ന്നും കാലി തൊഴുത്തുകള്‍ തകര്‍ന്നും 36,000 രൂപയിലധികമാണ് നഷ്ടം. ആകെ ഒമ്പത് വീടുകള്‍ പൂര്‍ണ്ണമായും 210 എണ്ണം ഭാഗികമായും തകര്‍ന്നു. പുനലൂരില്‍ മാത്രം 148 വീടുകള്‍ക്ക് ഭാഗിക തകര്‍ച്ചയുണ്ട്. ഏഴെണ്ണം പൂര്‍ണ്ണമായും തകരുകയും ചെയ്തു. പത്തനാപുരത്ത് ഒരു വീട് പൂര്‍ണ്ണമായും നാലെണ്ണം ഭാഗികമായും തകര്‍ന്നു.  കൊല്ലത്ത് 33 വീടുകള്‍ ഭാഗികമായി തകര്‍ന്നപ്പോള്‍ ഒരു വീടാണ് പൂര്‍ണ്ണമായി തകര്‍ന്നത്. കരുനാഗപ്പള്ളിയില്‍ 15 വീടുകള്‍ക്കാണ് ഭാഗിക തകര്‍ച്ച നേരിട്ടത്. ജില്ലയില്‍ ഒരു മരണവും മൂന്ന് പേര്‍ക്ക് പരുക്കുമുണ്ട്. നിലവില്‍ നാലു ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നു. 40 കുട്ടികളടക്കം 65 കുടുംബങ്ങളിലെ 270 പേരാണ് ക്യാംപുകളിലുള്ളത്. പത്തനാപുരത്ത് രണ്ടു ക്യാംപുകളിലായി 16 കുടുംബങ്ങളും കൊല്ലത്ത് ഒരു ക്യാംപില്‍ 21 കുടുംബങ്ങളും കരുനാഗപ്പള്ളിയിലെ ഏക ക്യാംപില്‍ 28 കുടുംബങ്ങളുമുണ്ട്. മറ്റുള്ളവര്‍ തിരികെ വീടുകളിലേക്ക് മടങ്ങി. ആഹാരവും ചികില്‍സയും നല്‍കി ക്യാംപിലുള്ളവര്‍ക്ക് ആവശ്യമായ സഹായം നല്‍കി വരികെയാണ്. ക്യാംപിലുള്ളവര്‍ക്ക് നില മെച്ചപ്പെടുന്നതനുസരിച്ച് വീടുകളിലേക്ക് മടങ്ങാമെന്ന് കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it