wayanad local

മഴയ്ക്കു മുമ്പേ ജില്ലയില്‍ എച്ച്1 എന്‍1 ഉം മഞ്ഞപ്പിത്തവും പിടിമുറുക്കുന്നു



മാനന്തവാടി: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ മഞ്ഞപിത്തബാധിതരുടെയും എച്ച്‌വണ്‍ എന്‍വണ്‍ പനി ബാധിതരുടെയും എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ഞപ്പിത്തം ബാധിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ അഞ്ചു പേര്‍ മരണപ്പെടുന്നതും.ജലജന്യരോഗമായ മഞ്ഞപ്പിത്തം 2015ല്‍ 333 പേര്‍ക്ക് സംശയാസ്പദമായ രീതിയില്‍ കാണപ്പെടുകയും ഇതില്‍ 108 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 2016ല്‍ 208 പേര്‍ ചികില്‍സ തേടുകയും 24 പേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍ 2017 ജനുവരി മുതല്‍ ഇതുവരെയായി 269 പേര്‍ക്ക് രോഗബാധ സംശയിക്കപ്പെടുകയും ഇതില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ കാലയളവിനുള്ളില്‍ തന്നെ അഞ്ചുപേര്‍ മഞ്ഞപ്പിത്തം മൂലം ജില്ലയില്‍ മരണപ്പെട്ടതാണ് രോഗം പിടിമുറുക്കി എന്നതിന്റെ വ്യക്തമായ തെളിവുകള്‍. തൊണ്ടര്‍നാട് പഞ്ചായത്തില്‍ മൂന്നുപേരും വെള്ളമുണ്ടയില്‍ രണ്ടുപേരുമാണ് രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്തും ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കൊതുകുകള്‍ പരത്തുന്ന ഡെങ്കിപ്പനി 2015ല്‍ 423 പേര്‍ രോഗബാധിതരെന്ന് സംശയിക്കപ്പെടുകയും 157 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍ 2016ല്‍ ഇത് യഥാക്രമം 233, 217 എന്ന തോതിലാണ്. 2017 ജനുവരി മുതല്‍ ഇതുവരെയായി 39 പേര്‍ രോഗബാധിതരായി കണ്ടെത്തുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വായു ജന്യ രോഗമായ എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ചവരുടെ കണക്കുകളാണ് ജില്ലയിലെ ആരോഗ്യ രംഗത്തെ ആശങ്കയിലാക്കിയിരിക്കുന്നത്. 2017ല്‍ ഇതുവരെയായി 65 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. 2015 ലാണ് മുമ്പ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചത്.95 പേര്‍ക്ക് രോഗം കണ്ടെത്തുകയും 88 പേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തു. 2016ല്‍ കാര്യമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ വര്‍ഷം ചുരുങ്ങിയ കാലയളവില്‍ തന്നെ കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗര്‍ഭിണികള്‍, ഗുരുതരമായ രോഗം ബാധിച്ചിട്ടുള്ളവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ചെറിയ പനി പിടിപ്പെട്ടാല്‍ പോലും സ്വയം ചികിത്സിക്കാതെ ആശുപത്രികളിലെത്തി ചികില്‍സ തേടണമെന്നും പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗത്തിന്റ ചുമതല വഹിക്കുന്ന ഡോ. വി ജിതേഷ് പറഞ്ഞു.
Next Story

RELATED STORIES

Share it