Idukki local

മഴയെത്തുംമുമ്പേ മുട്ടം ആശുപത്രി അവശതയില്‍



തൊടുപുഴ : മുട്ടം ഗവ. ആശുപത്രി ജീവനക്കാരുടെ കുറവു കാരണം ബുദ്ധിമുട്ടുന്നു. മൂന്നു ഡോക്ടര്‍മാരാണ് ഇവിടെ ഉള്ളത്. നാലു ഡോക്ടര്‍മാരുടെ സേവനം ഇവിടെ ഉണ്ടായിരുന്നതാണ്.എന്നാല്‍ ഡോക്ടര്‍മാരുടെ എണ്ണം കുറഞ്ഞതോടെ രോഗികളും മറ്റ് ആശുപത്രികളെ ആശ്രയിക്കാന്‍ തുടങ്ങി. ആശുപത്രിയില്‍ എട്ടു ഡോക്ടര്‍മാരുടെ സേവനം വേണ്ടതാണ്. മുട്ടം, കുടയത്തൂര്‍, നീലൂര്‍, മേലുകാവ് പ്രദേശങ്ങളില്‍ നിന്നും അനവധി രോഗികള്‍ ഇിവിടെ ചികിത്സ തേടിയെത്തുന്നു.ശരാശരി 400ലേറെ രോഗികള്‍ ചികിത്സ തേടിയെത്തിയിരുന്ന  ആശുപത്രിയാണ് ഇത്. എന്നാല്‍ ഇത്രയും രോഗികളെ നോക്കാനുള്ള ജീവനക്കാരില്ല.ഹെഡ് നഴ്‌സ് ഉണ്ടായിരുന്നത് സ്ഥലം മാറിപ്പോയെങ്കിലും പകരം ആളെ നിയമിച്ചിട്ടില്ല. മൂന്നു നഴ്‌സുമാര്‍ മാത്രമാണ് ഇവിടെയുള്ളത്. ഒപി അടക്കം സംവിധാനമുള്ളതിനാല്‍ മൂന്നു നഴ്‌സുമാരെക്കൊണ്ട് ആശുപത്രിയുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നതു ബുദ്ധിമുട്ടാണ്. മുന്‍ കാലങ്ങളില്‍ ഉച്ചകഴിഞ്ഞു ഡോക്ടര്‍മാരുടെ സേവനം ലഭിച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഉച്ചകഴിഞ്ഞാല്‍ ഡോക്ടര്‍മാരില്ല. ഡോക്ടര്‍മാര്‍ മടങ്ങുന്നതോടെ കിടപ്പുരോഗികള്‍ക്കോ അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രിയിലെത്തിക്കുന്ന രോഗികള്‍ക്കോ ചികിത്സ ലഭ്യമാകാറില്ല. പെട്ടെന്നു വൈദ്യസഹായം ആവശ്യമാവുകയാണെങ്കില്‍ പത്ത് കിലോമീറ്റര്‍ അകലെ കാരിക്കോട് ആശുപത്രിയിലെത്തണം. ദിനംപ്രതി നിരവധി അപകടങ്ങളും അത്യാഹിതങ്ങളും നടക്കുന്ന പ്രധാന പാതകളായ തൊടുപുഴ -ഇടുക്കി- വാഗമണ്‍ റോഡുകള്‍ കടന്നു പോകുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇവിടെ അടുത്തയിടെ ആധുനിക സൗകര്യങ്ങളോടെ ലബോറട്ടറി സംവിധാനം ഒരുക്കിയിട്ടുണ്ട്. മുട്ടം ഗവ. ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുകയും മെച്ചപ്പെട്ട ചികിത്സയും മരുന്നും ലഭ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. 24 രോഗികളെ കിടത്തി ചികത്സിക്കുന്നതിന് ഇവിടെ സംവിധാനമുണ്ട്. കെട്ടിടങ്ങള്‍ പലതും ഏറെ പഴക്കം ചെന്നവയാണ്. പഴക്കം മൂലം പലതവണ സീലിങ് പൊളിഞ്ഞുവീഴുന്നുണ്ട്. ഡോക്ടര്‍മാര്‍ ആശുപത്രി വരാന്തയില്‍ മറച്ചുകെട്ടിയാണ് രോഗികളെ നോക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ പുതുക്കി പണിത് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചാല്‍ രോഗികള്‍ക്ക് പ്രയോജനമാകുമായിരുന്നു.
Next Story

RELATED STORIES

Share it