മഴയും വെള്ളപ്പൊക്കവും; പച്ചക്കറി വില കുതിക്കുന്നു

തൃശൂര്‍: തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് പച്ചക്കറിക്ക് വന്‍ വിലവര്‍ധന. കഴിഞ്ഞ ഒരാഴ്ച്ചയായി, സംസ്ഥാനത്തേക്ക് പ്രധാനമായും പച്ചക്കറി വരുന്ന ഗുണ്ടല്‍പേട്ട്, ബംഗളൂരു, മൈസൂ ര്‍, ഗോപാല്‍ഗെഞ്ച് എന്നിവിടങ്ങളിലെല്ലാം കാലവര്‍ഷക്കെടുതി കനത്ത തോതിലാണ് ഉണ്ടായിരിക്കുന്നത്. ഇതിനാല്‍ പച്ചക്കറികള്‍ക്കെല്ലാം ഇരട്ടി വിലയായി.
മണ്ഡലകാലം ആരംഭിച്ച തോടെ ആഭ്യന്തര വിപണിയില്‍ പച്ചക്കറി ഉപഭോഗം ഇരട്ടിയായിട്ടുണ്ട്. വിവാഹ സീസണ്‍ കൂടിയായതോടെ ഉപഭോഗം വീണ്ടും വര്‍ധിച്ചിരിക്കുന്നു. ഇതിനിടയിലാണ് വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതാണ് ഈ വിലവര്‍ധന.
ഉയര്‍ന്ന വില കൊടുത്താലും ആവശ്യത്തിനു പച്ചക്കറി കിട്ടാത്ത അവസ്ഥയുമുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മാര്‍ക്കറ്റുകളി ല്‍ വരുന്ന പച്ചക്കറി ലോഡിന്റെ എണ്ണം പകുതിയായി കുറഞ്ഞിട്ടുണ്ട്. തക്കാളിക്ക് 15 രൂപയില്‍ നിന്ന് 40 രൂപയായി വില കൂടി. പയറാവട്ടെ 30ല്‍ നിന്ന് 60 രൂപയില്‍ എത്തി. മുരിങ്ങക്കായ 30ല്‍ നിന്ന് 90 രൂപയായി വര്‍ധിച്ചു.
കാരറ്റിന് ഇപ്പോള്‍ വില 50 രൂപയാണ്. നേരത്തെ ഇതിന് 20 രൂപ മാത്രമായിരുന്നു. വലിയ ഉള്ളിയുടെ വില 15ല്‍ നിന്ന് 35 രൂപയിലെത്തി. വെള്ളരിക്ക് 10 രൂപയില്‍ നിന്ന് 22 രൂപയായി കൂടി. ഇളവന് 15 രൂപയില്‍ നിന്ന് വില 30ല്‍ എത്തിയിട്ടുണ്ട്. വെണ്ടക്ക 20 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 65 രൂപയാണ്. പാവയ്ക്ക വില 30 രൂപയില്‍ നിന്ന് 75 ആയി ഉയര്‍ന്നു. പടവലം 25 രൂപയില്‍ നിന്ന് 50ലേക്കും കാബേജ് വില 25ല്‍ നിന്ന് 40 രൂപയിലേക്കും ഉയര്‍ന്നിരിക്കുന്നു.
ജൈവ പച്ചക്കറി വിപ്ലവം സൃഷ്ടിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കൊന്നും വിലവര്‍ധന തടയാനാവാത്ത അവസ്ഥയാണുള്ളത്. ഹോര്‍ട്ടികോര്‍പ്പ് എന്ന സര്‍ക്കാര്‍ സംവിധാനവും വില നിയന്ത്രിക്കാന്‍ ഒന്നും ചെയ്യുന്നില്ല.
വരുംനാളുകളിലും പച്ചക്കറി വില കൂടുമെന്നാണ് അറിയുന്നത്. മാത്രമല്ല, കര്‍ണാടകയിലും തമിഴ്‌നാട്ടിലും കാലവര്‍ഷം തുടരുകയാണെങ്കില്‍ പച്ചക്കറി ക്ഷാമവും ഉണ്ടാവുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കേരളത്തില്‍ ആവശ്യമുള്ള പച്ചക്കറിയുടെ 80 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍ നിന്നാണു വരുന്നത്.
Next Story

RELATED STORIES

Share it