ernakulam local

മഴയില്‍ വൃദ്ധദമ്പതികളുടെ വീട് തകര്‍ന്നു

കാലടി: ഇന്നലെ വെളുപ്പിന് തിമിര്‍ത്തുപെയ്ത മഴയില്‍ കാലടി ഗ്രാമപ്പഞ്ചായത്ത് 15 ാം വാര്‍ഡ് പിരാരൂരില്‍ താമസിക്കുന്ന പട്ടികജാതിയില്‍പെട്ട വൃദ്ധദമ്പതികളായ വരിക്കുംപുറം വീട്ടില്‍ കുട്ടി കുട്ടപ്പന്റെ വീട് തകര്‍ന്നുവീണു. പഞ്ചായത്തിലെ ആശ്രയ ഗുണഭോക്താവായ കുട്ടി മാനസിക അസ്വാസ്ഥ്യമുള്ളയാളു കൂടിയാണ്.
30  വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്നത്തെ പിഡിഡിപി സെന്‍ട്രല്‍ സൊസൈറ്റി സ്ഥാപകനായിരുന്ന ഫാ.ജോസഫ് മുട്ടുമന നിര്‍മിച്ചുകൊടുത്ത ഒറ്റമുറി പുരയിടമാണ് കനത്ത മഴയില്‍ തകര്‍ന്നുവീണത്. പട്ടികകളും ഓടും ദേഹത്ത് വീണപ്പോഴാണ് തങ്ങളുടെ വീട് തന്നെ തകര്‍ന്നുവീഴുകയാണെന്ന് ഈ വൃദ്ധ ദമ്പതികള്‍ക്ക് മനസ്സിലായത്. ശരീരത്തിന് പരിക്കുകളില്ലാതെ ജീവന്‍ തിരിച്ചു കിട്ടിയതില്‍ ഈശ്വരനോട് നന്ദിപറയുകയാണ് ഇവര്‍.
8 വര്‍ഷം മുമ്പ് മേല്‍ക്കൂര തകര്‍ന്നുവീണപ്പോള്‍ മെയ്ദിനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ മേല്‍ക്കൂര നിര്‍മിച്ചു നല്‍കിയിരുന്നു. ആകെയുള്ള 3 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ വാര്‍ഡ് മെംബര്‍ സിജോ ചൊവ്വരാന്റെ ശ്രമഫലമായി കലക്ടറുടെ മേശപ്പുറത്ത് എത്തിയിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന കുട്ടി കുട്ടപ്പനെ കഴിഞ്ഞ വര്‍ഷം മറ്റൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ അജ്ഞാതവാഹനമിടിച്ച് ഗുരുതരാവസ്ഥയില്‍ എച്ച്എംടി മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തിയിരുന്നു.
കനത്ത മഴയത്ത് വീട് തകര്‍ന്നപ്പോള്‍ തന്നെ കെഎസ്ഇബി. ജീവനക്കാര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചത് വന്‍ അപകടം ഒഴിവാക്കി. മറ്റൂര്‍ വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. വാര്‍ഡ് മെംബര്‍ സിജോ ചൊവ്വരാനും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ച് തുടര്‍സഹായങ്ങള്‍ക്കുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇവരെ അറിയിച്ചിട്ടുണ്ട്. ഈ കുടുംബത്തെ അടിയന്തരമായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും മെംബര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it