മഴയിലും പ്രളയത്തിലും രാജ്യത്ത് 1400 പേര്‍ മരിച്ചു: കേന്ദ്രം

ന്യൂഡല്‍ഹി: ശക്തമായ മഴയിലും പ്രളയത്തിലും കേരളമുള്‍പ്പെടെ രാജ്യത്ത് 1400ല്‍ അധികം പേരുടെ ജീവന്‍ നഷ്ടപ്പെട്ടെന്നു കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 488 പേര്‍ മരിച്ചുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററിന്റെ കണക്കുകള്‍ പ്രകാരം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളത്തിലെ 14 ജില്ലകളിലായി 54.11 ലക്ഷം ആളുകളെ ഗുരുതരമായി ബാധിച്ചു. 14.52 ലക്ഷത്തോളം ആളുകളുടെ ജീവിതം ദുരിതാശ്വാസ ക്യാംപുകളിലായി. 15 പേരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി കാണാതാവുകയും ചെയ്തിട്ടുണ്ട്. 57,024 ഹെക്റ്ററില്‍ വ്യാപക കൃഷിനാശം ഉണ്ടായി. മഴക്കെടുതിയില്‍ ഉത്തര്‍പ്രദേശില്‍ മാത്രം 254 പേര്‍ മരിച്ചു. പശ്ചിമബംഗാള്‍ 210, കര്‍ണാടക 170, മഹാരാഷ്ട്രയില്‍ 139, ഗുജറാത്ത് 52, അസമില്‍ 50, ഉത്തരാഖണ്ഡില്‍ 37, ഒഡീഷയില്‍ 29, നാഗാലാന്‍ഡില്‍ 11 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്ക്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആകെ 43 പേരെയാണ് കാണാതായിരിക്കുന്നതെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളില്‍ രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ നിന്നായി 386 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒഡീഷയിലെ 30 ജില്ലകളും മഹാരാഷ്ട്രയിലെ 26 ജില്ലകളും അസമിലെ 25 ജില്ലകളും യുപി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 23 ജില്ലകളെയും മഴക്കെടുതി ബാധിച്ചു.
Next Story

RELATED STORIES

Share it