മഴമരണം 24 ആയി; ഉരുള്‍പൊട്ടലും കൃഷിനാശവും വ്യാപകം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ മഴമരണം 24 ആയി. പത്തനംതിട്ടയില്‍ ഇന്നലെ രണ്ടുപേര്‍ മുങ്ങിമരിച്ചു. പാടത്തെ വെള്ളക്കെട്ടില്‍ വീണ് തിരുവല്ല നിരണത്ത് കൊല്ലതാഴ്ചയില്‍ ഷെരീഫ് (24), കുളിക്കാനിറങ്ങവെ കാല്‍വഴുതിവീണ ഇസ്ഹാഖ് എന്നിവരാണ് മുങ്ങിമരിച്ചത്. പാലക്കാട് എടത്തറയില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി. താനൂരില്‍ കടലില്‍ പോയ ഒരു മല്‍സ്യത്തൊഴിലാളിയെയും കാണാതായി.
സംസ്ഥാനത്ത് ഇതുവരെ 126 വീടുകള്‍ പൂര്‍ണമായും 2,705 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞമാസം 29 മുതല്‍ ഇന്നലെ വരെ 23.712 ഹെക്ടര്‍ കൃഷിനാശം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 33 ദുരിതാശ്വാസ ക്യാംപുകളിലായി 249 കുടുംബങ്ങളിലെ 862 പേരെ പാര്‍പ്പിച്ചു. കോട്ടയത്ത് 15 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഇന്നലെ മഴ കൂടുതല്‍ നാശം വിതച്ചത് വടക്കന്‍ കേരളത്തിലാണ്. ഇന്നലെ മാത്രം എട്ടു വീടുകള്‍ പൂര്‍ണമായും 272 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 793 ഹെക്ടര്‍ കൃഷിനാശവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. വന്‍തോതില്‍ കൃഷിനാശവുമുണ്ടായി.
ഭവാനിപ്പുഴ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് അട്ടപ്പാടി പട്ടിമാളം കോണാര്‍ തുരുത്തില്‍ അകപ്പെട്ടവരെ കരയ്‌ക്കെത്തിച്ചു. കോതമംഗലം ഭൂതത്താന്‍കെട്ട് ഇടമലയാര്‍ റോഡില്‍ കലുങ്ക് ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. രണ്ട് ആദിവാസിക്കുടികളും വടാട്ടുപാറയിലെ പതിനായിരത്തോളം പ്രദേശവാസികളും ഒറ്റപ്പെട്ടു. പത്തനംതിട്ട റാന്നിയിലും പരിസരത്തും രണ്ടു ദിവസമായി തുടരുന്ന കാറ്റിലും മഴയിലും വന്‍ നാശനഷ്ടമുണ്ടായി. അഞ്ചു ദുരിതാശ്വാസ ക്യാംപുകളിലായി 154 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മരം കടപുഴകിവീണ് പലയിടത്തും വീടുകള്‍ തകര്‍ന്നു. വൈദ്യുതി വിതരണം പ്രതിസന്ധിയിലായി. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. 16 വരെ എല്ലാ ജില്ലകളിലും ശക്തി കൂടിയും കുറഞ്ഞും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it